കൂർക്കം വലി എങ്ങനെ പരിഹരിക്കാം, എന്താണ് കാരണങ്ങളും ചികിത്സയും?

Snoring

If you are looking for the English version of this article, you can read it here.

“അയാളെ നോക്കൂ.. എന്ത് സുഖമായി കൂർക്കം വലിച്ചു ഉറങ്ങുന്നു. ”

പലപ്പോഴും കൂർക്കം വലിച്ചു ഉറങ്ങാറുള്ള ഒരാളെ ചൂണ്ടി കാണിച്ചു നമ്മൾ പറയാറുള്ള വാചകമാണ് ഇത്. എന്നാൽ കൂർക്കം വലിച്ചുറങ്ങുന്ന ഒരാൾ സുഖകരം ആയി ആണോ ഉറങ്ങുന്നത്? അല്ല എന്ന് നിസ്സംശയം പറയാം.

പലരും ലളിതമായി കരുതുകയും, എന്നാൽ പലരുടെയും ജീവിതത്തെ തന്നെ തകിടം മറിക്കുകയും ചെയ്യുന്ന ഒരു രോഗം / രോഗ ലക്ഷണമാണ് കൂർക്കം വലി. സ്വന്തം ഉറക്കത്തെയും ആരോഗ്യത്തേയും മാത്രമല്ല, കൂടെ ഉറങ്ങുന്ന പങ്കാളിയുടെയും ഉറക്കത്തെയും ആരോഗ്യത്തേയും കൂടി കൂർക്കം വലി ബാധിക്കുന്നതാണ്.

എന്താണ് കൂർക്കം വലി?

മൂക്ക് മുതല്‍ ശ്വാസകോശത്തിന്റെ തുടക്കം വരെ, ശ്വാസനാളത്തില്‍ ഉണ്ടാകുന്ന തടസ്സങ്ങൾ ആണ് കൂര്‍ക്കം വലിയുടെ കാരണം. ഉദാഹരണം മൂക്കിന്റെ പാലത്തിന്റെ വളവ്; മൂക്കിനുള്ളിലോ, മൂക്കിന് പിന്നിലോ ആയി ഉള്ള ദശ വളർച്ചകൾ; കുറുനാക്കിന്റെയോ, നാക്കിന്റെയോ, മുഖത്തെ എല്ലുകളുടെയോ ഘടനയിൽ ഉള്ള മാറ്റങ്ങൾ തുടങ്ങിയവ.

മേൽ പറഞ്ഞത് സ്ഥായിയായ തടസങ്ങൾ ആണെങ്കിൽ, ചില രോഗികളിൽ ഉറങ്ങുമ്പോൾ മാത്രം ഉണ്ടാകുന്ന ശ്വാസ നാളത്തിലെ തടസങ്ങളും ഉണ്ട്. നാം ഉറങ്ങുമ്പോള്‍, ശരീരത്തിലെ മറ്റ് എല്ലാ പേശികളെയും പോലെ, നമ്മുടെ ശ്വസനപാതയിലെ പേശികളും അയഞ്ഞു തുടങ്ങും. ഇപ്രകാരം, ക്രമാതീതമായി പേശികൾ അയയുന്നതു മൂലം, ശ്വാസം ഉള്ളിലേക്ക് എടുക്കുമ്പോള്‍, ഈ അയഞ്ഞ പേശികള്‍ പ്രകമ്പനം കൊള്ളുകയും, അവ ശ്വാസ തടസ്സം ഉണ്ടാക്കുകയും, കൂര്‍ക്കംവലിയുടെ ശബ്ദം ഉണ്ടാവുകയും ചെയ്യുന്നു.

ആണുങ്ങളിലും, പ്രായമായവരിലും, അമിത വണ്ണമുള്ളവരിലും ഇപ്രകാരം കൂര്‍ക്കംവലിക്കാനുള്ള പ്രവണത കൂടുതലായി കാണുന്നു. കൂടാതെ, ആൽക്കഹോൾ ഉപയോഗം, സെഡേറ്റീവ്-ഹിപ്നോട്ടിക് മരുന്നുകൾ, പുകവലി എന്നിവയും കൂർക്കം വലി വർദ്ധിപ്പിക്കും.

എന്താണ് ഒ.എസ്‌.എ?

ഏതാണ്ട് 24 ശതമാനം പുരുഷന്മാരും 14 ശതമാനം സ്ത്രീകളും കൂര്‍ക്കം വലിക്കുന്നവരാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാൽ അതിൽ തന്നെ 4 ശതമാനത്തിൽ അധികം ആളുകൾ കൂർക്കം വലി കാരണം ഉള്ള ശ്വാസതടസം (സ്ലീപ് ഡിസ്റ്റർബേഡ് ബ്രീത്തിങ് / ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ) എന്ന ഗുരുതരമായ രോഗാവസ്ഥ ഉള്ളവർ ആണ്.

ശ്വസനപാതയിൽ ഉള്ള തടസ്സങ്ങൾ കാരണം ഉണ്ടാകുന്ന കൂർക്കം വലിയും, അതിനോട് അനുബന്ധിച്ചു ശ്വാസം നിന്ന് പോകുന്ന രോഗാവസ്ഥയും ആണ് ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ അഥവാ ഒ.എസ്‌.എ എന്ന് അറിയപ്പെടുന്നത്.

ഹൃദയത്തെയും ശ്വാസകോശങ്ങളേയും തലച്ചോറിനെയും സാരമായി ബാധിക്കുന്ന ഒരു രോഗാവസ്ഥ ആണ് ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ എന്നുള്ളത്.  ഈ രോഗത്തിന്റെ ആദ്യ ലക്ഷണം കൂര്‍ക്കംവലിയാണ്.

ഒ.എസ്‌.എ എങ്ങനെ തിരിച്ചറിയാം?

കൂർക്കം വലിക്കുന്ന എല്ലാവര്ക്കും ഒ.എസ്‌.എ ഉണ്ടാകണം എന്നില്ല. എന്നാല്‍ കൂര്‍ക്കം വലിക്കുന്ന ചിലരിലെങ്കിലും ഇതു ഒഎസ്എ എന്ന ഒരു ഗുരുതരമായ രോഗാവസ്ഥയുടെ ആദ്യ ലക്ഷണമാകാം.

ഒ.എസ്‌.എ ഉള്ള രോഗികളുടെ കൂർക്കം വലി പ്രത്യേക രീതിയിൽ ആയിരിക്കും. ഉറക്കം തുടങ്ങി കഴിയുമ്പോൾ പതിയെ കൂർക്കം വലിക്കാൻ തുടങ്ങും – ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് പോകുംതോറും കൂർക്കംവലിയുടെ തീവ്രതയും കൂടി വരുകയും, അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ താല്‍ക്കാലികമായി ശ്വാസം നിലയ്ക്കുകയും ചെയ്യുന്നു. ഇപ്രകാരം ശ്വാസം നിലയ്ക്കുന്ന അവസ്ഥയെ അപ്‌നിയ എന്നു വിശേഷിപ്പിക്കുന്നു. ഈ അവസരത്തില്‍ രക്തത്തിലെ ഓക്‌സിജന്റെ അളവ് (SP O2) കുറഞ്ഞു വരുകയും, കാർബൺഡയോക്സൈഡിന്റെ അളവ് (PC O2) കൂടുകയും ചെയ്യും. അപ്‌നിയ അവസ്ഥയില്‍ എത്തിക്കഴിയുമ്പോള്‍ തലച്ചോര്‍ അത് തിരിച്ചറിയുകയും ഉറക്കത്തിൽ നിന്ന് രോഗിയെ ഉണര്‍ത്തുകയും ചെയ്യും.

അപ്‌നിയ അവസ്ഥയില്‍ രോഗി പൂർണമായി ഉണർന്നു എഴുന്നേൽക്കണം എന്നില്ല, ആഴമേറിയ ഉറക്കത്തിൽ നിന്നും പാതി ഉറക്കത്തിലേക്കു തലച്ചോര്‍ എത്തുന്നതാണ്. ഇതോടു കൂടി കൂർക്കം വലി നിൽക്കുകയും ചെയ്യും. സാധാരണ ഇത് സംഭവിക്കുമ്പോൾ, രോഗി ഒന്ന് മുരടനക്കി, പതിയെ അങ്ങോട്ടോ ഇങ്ങോട്ടോ ഒന്ന് തിരിഞ്ഞു കിടന്നു വീണ്ടും ഉറങ്ങാറാണ് ഉള്ളത്. വീണ്ടും ഉറങ്ങി തുടങ്ങുമ്പോൾ, കൂർക്കം വലിയുടെ തീവ്രത കൂടി വരുകയും, കുറച്ചു സമയത്തിന് ശേഷം വീണ്ടും അപ്‌നിയയിൽ പോവുകയും ചെയ്യുന്നതാണ്. ഇങ്ങനെ രാത്രി മുഴുവനും അവർ അപ്‌നിയയിൽ വന്നും പോയും ഇരിക്കും. അതിനാൽ തുടർച്ചയായ, നല്ല ഒരു ഉറക്കം ഇവർക്ക് ലഭിക്കുകയില്ല.

ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയയുടെ ലക്ഷണങ്ങൾ

 • ഉച്ചത്തിലുള്ള കൂർക്കം വലി,
 • ശ്വാസം കിട്ടാതെ ഞെട്ടി ഉണരുക
 • രാത്രി പലപ്രാവശ്യം മൂത്രം ഒഴിക്കുവാന്‍ എഴുന്നേല്‍ക്കുക,
 • ഉണരുമ്പോൾ വരണ്ട വായ, തൊണ്ട വേദന, തല വേദന തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവപെടുക,
 • ഉറക്കത്തിൽ അമിതമായി കൈകാലുകൾ ചലിപ്പിക്കുക
 • പകൽ സമയത്ത് അമിതമായ ക്ഷീണമോ ഉറക്കമോ അനുഭവപ്പെടുന്നു (താഴെ കൊടുത്തിട്ടുള്ള എപ്‌വർത് സ്ലീപ്പിനസ് സ്കെയിൽ ശ്രദ്ധിക്കുക),
 • ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്,
 • ഓര്‍മ്മക്കുറവ്,
 • അമിതമായ ക്ഷോഭം,
 • വിഷാദം എന്നിവയാണ് ഒ.എസ്‌.എയുടെ മറ്റു പ്രധാന ലക്ഷണങ്ങൾ.

ഇത്തരം രോഗികള്‍ വണ്ടി ഓടിക്കുമ്പോഴും ഫാക്ടറിയില്‍ ജോലി ചെയ്യുമ്പോഴും ഉറങ്ങിപ്പോകാനുള്ള സാധ്യത ഉള്ളതുകൊണ്ട് ഇതു പലതരം അപകടങ്ങള്‍ക്കും കാരണം ആയിത്തീരാറുണ്ട്.

ഒന്നിൽ കൂടുതൽ ഗുളികകൾ കഴിച്ചിട്ടും നിയന്ത്രണ വിധേയം ആകാത്ത രക്തസമ്മര്‍ദ്ദം, ശ്വാസകോശങ്ങളുടെയും, ഹൃദയത്തിന്റെയും പ്രവര്‍ത്തന പരാജയം, പെട്ടന്ന് ഉണ്ടാകുന്ന നെഞ്ചുവേദന എന്നിവയെല്ലാം ഒ.എസ്‌.എ കാരണം ഉണ്ടാകുന്ന മറ്റു രോഗാവസ്ഥകൾ ആണ്. കൂർക്കംവലിക്കാരുടെ രക്തസമ്മർദ്ദം അനിയന്ത്രിതമായി ഉയരുന്നത് കൊണ്ടാണ് ഹൃദ്രോഗങ്ങൾക്കും പക്ഷാഘാതത്തിനും കാരണമാകുന്നത്. അതുകൊണ്ടു തന്നെ കൂർക്കംവലി ഉള്ളവർ വിദഗ്ദ്ധ ചികിത്സ തേടേണ്ടത് വളരെ ആവശ്യമാണ്.

കൂർക്കം വലി, ഉറക്കത്തിൽ ഉള്ള ചുമ, ഉറക്കത്തിൽ കിടക്കയിൽ ഉരുണ്ടു മറിയുക, പല്ലിറുമ്മൽ, കിടക്കയിൽ മൂത്രം ഒഴിക്കുക, ഹൈപ്പർ ആക്ടിവിറ്റി, വിഷാദം, പഠനത്തില്‍ പിന്നോക്കാവസ്ഥ, വിട്ടുമാറാത്ത ജലദോഷം എന്നിവയാണ് കുട്ടികളിലെ ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയയുടെ ലക്ഷണങ്ങൾ.

OSA infographic
OSA infographic

രോഗ നിർണയം എങ്ങനെ?

സ്ലീപ്പ് അപ്നിയ എന്ന രോഗത്തിന് ചികിത്സ ലഭ്യമാണ്. രോഗം സ്ഥിരീകരിച്ചാൽ ഉടനടി ഇതിൽ വിദഗ്ധനായ ഒരു ഡോക്ടറുടെ ഉപദേശം തേടുകയാണ് ചെയ്യേണ്ടത്.

ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ ഉണ്ടെന്നു സംശയിക്കുന്ന രോഗികൾ വിശദമായ മെഡിക്കൽ ഹിസ്റ്ററിയും ശാരീരിക പരിശോധനയും, രാത്രി മുഴുവനുമുള്ള പോളിസോംനോഗ്രാഫി (PSG), അല്ലെങ്കിൽ ഹോം സ്ലീപ് സ്റ്റഡി എന്നിവയുൾപ്പെടെ സമഗ്രമായ പരിശോധനകൾക്കു വിധേയരാകണം. സ്ലീപ് സ്റ്റഡി വഴി രോഗിയുടെ ഉറക്കം നിരീക്ഷിച്ച് കൂർക്കം വലിയും, ശ്വാസതടസ്സവും എത്ര തീവ്രം ആണ് എന്ന് കണ്ടു പിടിക്കുകയാണ് ചെയ്യുന്നത്.

ഇതിനു ശേഷം ഡ്രഗ് ഇൻഡ്യൂസ്ഡ് സ്ലീപ്പ് എന്റോസ്കോപ്പി (DISE) എന്ന ടെസ്റ്റ് ആണ് ചെയ്യുന്നത്. രോഗിയെ ചെറിയ മയക്കം നൽകി ഉറക്കിയതിനു ശേഷം മൂക്കിലൂടെ മൃദുവായ എൻഡോസ്കോപ്പ് കടത്തി ശ്വസന വഴിയിൽ തടസ്സമുണ്ടാക്കുന്ന ഭാഗം കണ്ടെത്തുകയാണ് ഇതിൽ ചെയുന്നത്.

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം അറിയുവാനുള്ള പരിശോധന, നെഞ്ചിന്റെ എക്‌സ്‌റേ, ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം അറിയുവാനുള്ള പരിശോധന, മൂക്കിന്റെയും തൊണ്ടയുടെയും എക്‌സ്‌റേ, സിടി സ്‌കാന്‍, ഫ്‌ളുറോസ്‌കോപ്പി, മാനോമെട്രി എന്നീ പരിശോധനകളും ചില അവസരങ്ങളിൽ ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്.

നിങ്ങൾക്ക് OSA ഉണ്ടോ എന്ന് സ്വയം പരിശോധിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

എന്താണ് കൂർക്കം വലിയുടെ ചികിത്സാ?

കൂർക്കം വലിക്കുന്ന രോഗികളിൽ അധിക പേരും അമിതവണ്ണമുള്ളവർ ആണ്. പൊക്കത്തിനനുസരിച്ചുള്ള വണ്ണം നിലനിർത്തിക്കൊണ്ടുപോകാൻ ശ്രദ്ധിക്കുക എന്നുള്ളതാണ് ഇത്തരക്കാർക്കുള്ള ആദ്യ ചികിത്സാ രീതി.

 • അത്താഴ ഭക്ഷണത്തിനും ഉറക്കത്തിനും ഇടയിൽ ഒന്നര മണിക്കൂറെങ്കിലും ഇടവേള കൊടുക്കാൻ ശ്രദ്ധിക്കുക;
 • ഉറക്കത്തിന് മുമ്പ് മദ്യം, പുകവലി, കാപ്പീ, ചായ ഒഴിവാക്കുക;
 • ചരിഞ്ഞു കിടന്നു ഉറങ്ങുക;
 • പതിവായ വ്യായാമം;
 • ഉറക്കഗുളികകൾ ഒഴിവാക്കുക;
 • സ്ഥിരമായ ഉറക്ക പാറ്റേണുകൾ എന്നിവയാണ് കൂർക്കം വലി ഒഴിവാക്കാൻ ഉള്ള ചില പൊതു മാർഗ്ഗങ്ങൾ.

ചില അവസരങ്ങളിൽ ശ്വാസതടസ്സം ഇല്ലാതാക്കാന്‍ പല്ലിലിടുന്ന ക്ലിപ്പ്കള്‍ (Tongue Retaining Device, Mandibular Positioning Device) ഉപയോഗിക്കാവുന്നതാണ്. ഈ ക്ലിപ്പുകൾ താഴത്തെ താടിയെല്ലിനെയും നാക്കിനെയും ഉറങ്ങുമ്പോള്‍ മുന്നോട്ട് കൊണ്ടുവരുകയും ശ്വസനതടസ്സങ്ങളെ ഇല്ലായ്മ ചെയ്യുകയും ചെയ്യും.

ഉറക്കത്തില്‍ ശ്വസിക്കാന്‍ വിഷമമുള്ളവര്‍ക്ക് കൃത്രിമമായി ശുദ്ധവായു നല്‍കാനുള്ള സംവിധാനമാണ് സി പാപ്. വെന്റിലേറ്ററിനോട് സാദൃശ്യം ഒരു ഉപകരണം ആണ് സി പാപ്. വായും മൂക്കും മൂടുന്ന രീതിയിൽ ഉള്ള ഒരു മാസ്ക് ധരിച്ച ശേഷം, ശ്വാസനാളത്തിലൂടെ വായു കടത്തി വിട്ടു, ശ്വസനത്തെ സഹായിക്കുക ആണ് സി പാപ് മെഷീൻ ചെയ്യുന്നത്. കൃത്യമായ രീതിയിൽ സി പാപ് മെഷീൻ ഉപയോഗിച്ചാൽ വളരെ നല്ല വ്യത്യാസം ജീവിതത്തിൽ അനുഭവപെടുന്നതാണ്.

മേല്‍ വിവരിച്ച ചികിത്സാരീതികളോട് പ്രതികരിക്കാത്ത രോഗികളില്‍ ശ്വാസനാളത്തിലെ തടസങ്ങൾ നീക്കാൻ ചില ശസ്ത്രക്രിയകള്‍ വേണ്ടി വന്നേക്കാം. ഉറക്കത്തിൽ ശ്വാസനാളം തടസ്സപ്പെടാൻ കാരണമാകുന്ന ശാരീരിക തടസ്സങ്ങൾ അല്ലെങ്കിൽ ശരീരഘടനാപരമായ അസാധാരണതകൾ പരിഹരിക്കുക എന്നതാണ് ഒഎസ്എയിലെ ശസ്ത്രക്രിയയുടെ പങ്ക്. ഇത് ശ്വാസ്വാച്ഛാസം സുഗമമാക്കുകയും കൂര്‍ക്കംവലിയില്‍ നിന്ന് മോചനം നല്‍കുകയും ചെയ്യും. ഇതിനു വിദഗ്ധനായ ഒരു സ്ലീപ് സർജന്റെ സഹായം ആവശ്യമാണ്.

കടുത്ത കൂർക്കം വലി മൂലം ബുദ്ധിമുട്ടുന്ന ആളാണ് നിങ്ങളെങ്കിൽ, അതോടൊപ്പം പകൽ ഉറക്കം തൂങ്ങൽ, മന്ദത, ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതെ വരുന്ന അവസ്ഥ ഇതൊക്കെ ഉണ്ടെങ്കിൽ സ്ലീപ് സ്പെഷലിസ്റ്റ്, ദന്തഡോക്ടർ, മറ്റ് ആരോഗ്യ പരിചരണ വിദഗ്ധർ എന്നിവരടങ്ങുന്ന ഒരു മൾട്ടി ഡിസിപ്ലിനറി ടീമിന്റെ സഹായത്തോടെ ഉചിതമായ പരിഹാരം തിരഞ്ഞെടുക്കാവുന്നതാണ്. ഉചിതമായ ചികിത്സയും നിരീക്ഷണവും കൊണ്ട്, ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ ഉള്ള രോഗികൾക്കു മെച്ചപ്പെട്ട ഉറക്കത്തിന്റെ ഗുണനിലവാരം കൈവരിക്കാനും പകൽ ഉറക്കം കുറയ്ക്കാനും സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കാനും കഴിയും.

എല്ലാ കൂര്‍ക്കം വലിയും ഒഎസ്എ അല്ല. കൃത്യമായ പരിശോധനകളിലൂടെ മാത്രമെ, ഹൃദയത്തെയും തലച്ചോറിനെയും സാരമായി ബാധിക്കുന്ന ഈ രോഗം കണ്ടുപിടിക്കാനാകൂ. ഏറ്റവും പ്രധാനമായ കാര്യം നിങ്ങള്‍ ആദ്യം തന്നെ നിങ്ങളുടെ പ്രശ്നവുമായി ബന്ധപ്പെട്ട് ഒരു വിദഗ്ധ ഡോക്ടറുടെ സേവനം തേടുക എന്നതാണ്.