തൈറോയ്ഡ് ശസ്ത്രക്രിയ എങ്ങനെ? വേണ്ടതെപ്പോൾ?

Thyroidectomy

If you are looking for the English version of this article, you can read it here.

ചിത്രശലഭത്തിന്റെ ആകൃതിയിൽ കഴുത്തിന്റെ മുന്നിൽ ആയി സ്ഥിതി ചെയുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. തൈറോയ്ഡ് ഹോർമോണുകൾ ഉൽപാദിപ്പിക്കുക എന്നതാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ ജോലി. തൈറോയ്ഡ് ഹോർമോൺ തലച്ചോറ്, ഹൃദയം, പേശികൾ, ശരീരത്തിലെ മറ്റ് അവയവങ്ങൾ എന്നിവയെ ആവശ്യമുള്ളതുപോലെ പ്രവർത്തിക്കാനും സഹായിക്കുന്നു. ഈ ഹോർമോൺ കൂടാതെ, ശരീരത്തിലെ കാത്സ്യം അളവിനെ നിയന്ത്രിക്കുന്ന കാൽസിടോണിൻ (Calcitonin) എന്ന ഹോർമോണും തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്നുണ്ട്.

തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന രോഗങ്ങൾ പലവിധത്തിലുണ്ട്. തൈറോയ്‌ഡ് ഹോർമോണിന്റെ ഉല്പാദന കുറവുമൂലം ഉണ്ടാകുന്ന ഹൈപ്പോതൈറോയ്‌ഡിസം എന്ന രോഗാവസ്ഥയാണ് തൈറോയ്‌ഡ് രോഗങ്ങളിൽ ഏറ്റവും കൂടുതലായി കണ്ടു വരുന്നത്. പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകളിൽ ആണ് ഈ രോഗം കൂടുതൽ ആയി കാണുന്നത്. ഇതിനു നേരെ വിപരീതമായി, അമിതമായുള്ള തൈറോയ്‌ഡ് ഹോർമോണിന്റെ ഉത്പാദനം കൊണ്ടുണ്ടാകുന്ന രോഗാവസ്ഥയാണ് ഹൈപ്പർതൈറോയ്ഡിസം.

തൈറോയ്‌ഡ് ഗ്രന്ഥിയിൽ നീർക്കെട്ട് (Inflammation) മൂലം ഉണ്ടാകുന്ന രോഗങ്ങൾ തൈറോഡൈറ്റിസ് എന്ന പേരിലും അറിയപ്പെടുന്നു.

മേൽ പറഞ്ഞത് കൂടാതെ, തൈറോയ്‌ഡ് ഗ്രന്ഥിയിൽ പലവിധ മുഴകൾ / തടിപ്പുകൾ അഥവാ നോഡ്യൂളുകൾ (Nodules) ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഒരു മുഴ മാത്രമാണെങ്കിൽ ആണെങ്കിൽ സോളിറ്ററി തൈറോയ്‌ഡ് നോഡ്യൂൾ (Solitary Thyroid Nodule) എന്നും, ഒന്നിൽ കൂടുതൽ മുഴകളുണ്ടെങ്കിൽ മൾട്ടി നോഡുലാർ ഗോയിറ്റർ (Multi Nodular Goiter – MNG) എന്നും പറയും. ഇത്തരം മുഴകളിൽ 90 ശതമാനത്തിൽ അധികവും ക്യാൻസർ അല്ലാത്ത മുഴകളാണ്. അഞ്ചു മുതൽ പത്ത് ശതമാനത്തിൽ താഴെയുള്ള മുഴകളിൽ കാൻസറിന്റെ അംശം കാണാൻ സാധ്യതയുണ്ട്.

തൈറോയ്ഡ് ക്യാന്സറിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ ലിങ്ക് സന്ദർശിക്കുക.

തൈറോയ്ഡ് ഓപ്പറേഷൻ വേണ്ടത് എപ്പോഴാണ്?

ഹൈപ്പോ തൈറോയ്‌ഡിസം,ഹൈപ്പർ തൈറോയ്‌ഡിസം, തൈറോഡൈറ്റിസ് എന്നീ രോഗങ്ങളെ മരുന്നുകൊണ്ട് ചികിത്സിക്കാവുന്നതാണ്.

ഗുളിക രൂപത്തിൽ ഉള്ള തൈറോയ്ഡ് ഹോർമോൺ നൽകിയാണ് ഹൈപ്പോതൈറോയ്ഡിസം ചികിത്സിക്കുന്നത്. മിക്കവാറും ഹൈപ്പോ തൈറോയ്‌ഡ് രോഗികളിലും ഈ ഗുളിക ജീവിതകാലം മുഴുവനും തുടരേണ്ടിവരും.

ഹൈപ്പർ തൈറോയ്‌ഡിസത്തെ മരുന്നുകൾ കൊണ്ട് ചികിത്സിച്ചാലും, ചില രോഗികൾക്ക് പൂർണ ആശ്വാസം കിട്ടുന്നതിന് വേണ്ടി സർജറി, അതല്ലേൽ റേഡിയോ ആക്റ്റീവ് അയോഡിൻ തെറാപ്പി കൂടി വേണ്ടിവരാറുണ്ട്.

തൈറോയ്ഡ് മുഴകളുടെ കാര്യത്തിൽ, ക്യാൻസർ നിർണയിച്ചതോ സംശയിക്കുന്നതോ ആയ മുഴകളിൽ സർജറി നിർബന്ധം ആണ്. എന്നാൽ ക്യാൻസർ അല്ലാത്ത മുഴകളിൽ, തടിപ്പുകളുടെ വലുപ്പവും, അത് മൂലം ഉണ്ടാകുന്ന മറ്റു ബുദ്ധിമുട്ടുകൾ (ഉദാഹരണം: ഭക്ഷണം കഴിക്കാൻ തടസം അനുഭവപ്പെടുക, ശബ്ദ വ്യതിയാനം, കാണാൻ ഉള്ള ഭംഗി കുറവ്, പെട്ടെന്നുള്ള വളർച്ച, ഹൈപ്പർതൈറോയ്ഡിസം) എന്നിവ കൂടി വിലയിരുത്തിയാണ് സർജറി വേണോ വേണ്ടയോ എന്നുള്ളത് തീരുമാനിക്കുക.

എത്രതരം തൈറോയ്‌ഡ് സർജറി ഉണ്ട്?

Types of thyroidectomies
Types of thyroidectomies

തൈറോയ്ഡ് ഗ്രന്ഥി മൊത്തത്തിൽ നീക്കം ചെയുന്ന സർജറിയെ ടോട്ടൽ തൈറോയ്ഡക്ടമി (Total Thyroidectomy) എന്നു പറയുന്നു.

ഒരു വശത്തെ തൈറോയ്ഡ് ഗ്രന്ഥി മാത്രമായി നീക്കം ചെയുന്ന സർജറിയെ ഹെമിതൈറോയ്ഡക്ടമി (Hemi Thyroidectomy) എന്ന് വിളിക്കുന്നു. തൈറോയ്‌ഡ് ലോബെക്ടമി (Lobectomy) എന്നും ഈ ഓപ്പറേഷൻ അറിയപ്പെടുന്നു.

തൈറോയ്ഡ് ക്യാന്സറിന് വേണ്ടി സർജറി ചെയ്യുമ്പോൾ, ഗ്രന്ഥി നീക്കം ചെയ്യുന്നതിനോട് ഒപ്പം തന്നെ കഴുത്തിലെ കഴലകൾ (ലിംഫ് നോഡുകൾ) കൂടി നീക്കം ചെയ്യുന്ന നെക്ക് ഡിസക്ഷൻ (Neck Dissection) എന്ന സർജറി കൂടി ചിലപ്പോൾ വേണ്ടി വന്നേക്കാം.

തൈറോയ്‌ഡ് സർജറിക്ക് മുൻപ്

തൈറോയ്‌ഡ് സർജറിക്ക് മുൻപ് തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവർത്തനം ശരിയായ വിധത്തിലാണോ എന്ന് വിലയിരുത്തേണ്ടതാണ്. അതിന് രക്തപരിശോധനയിലൂടെ ടി 3, ടി 4, ടി.എസ്‌.എച്ച് മുതലായവ നോർമൽ ആണെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

ഇത് കൂടാതെ തടിപ്പിന്റെ ഘടന മനസ്സിലാക്കുന്നതിനും, ക്യാൻസർ റിസ്ക് അറിയുന്നതിനും അൾട്രാ സൗണ്ട് സ്കാനിംഗ് (Ultra Sound Scanning), സ്കാൻ ചെയ്തു കൊണ്ട് തൈറോയ്‌ഡിൽ നിന്നും കുത്തി എടുക്കുന്ന സൂചി പരിശോധന അഥവാ ഫ്.എൻ.എ.സി (GUIDED FNAC) കൂടി ചെയ്യാൻ ഡോക്ടർ നിർദ്ദേശിക്കുന്നതാണ്. ചില സാഹചര്യങ്ങളിൽ സി.ടി സ്കാൻ അല്ലേൽ എം.ആർ.ഐ സ്കാൻ എന്നിവയും നിർദ്ദേശിച്ചേക്കാം.

സർജറി / അല്ലേൽ അനസ്തേഷ്യ നൽകുന്നതിനോ തടസ്സമാകുന്ന മറ്റു അസുഖങ്ങൾ ഉണ്ടെങ്കിൽ (ഉദാഹരണം: രക്തസമ്മർദം, ഷുഗർ, ഹൃദയ / ശ്വാസകോശ / വൃക്ക സംബദ്ധമായ അസുഖങ്ങൾ) അവയും നിയന്ത്രണ വിധേയം ആയിരിക്കണം.

തൈറോയ്‌ഡ് സർജറി എങ്ങനെ ആണ്?

ജനറൽ അനസ്തേഷ്യ നൽകി പൂർണമായും മയക്കിയിട്ടാണ് തൈറോയ്ഡ് സർജറി ചെയുന്നത്.

കഴുത്തിന് മുന്നിലായി ചെറിയ മുറിവിട്ടാണ് തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുന്നത്. തുറന്ന മുറിപ്പാടു ഒഴിവാക്കുവാനായി വായിലൂടെയോ, കക്ഷത്തിലൂടെയോ എൻഡോസ്കോപ്പിക് സർജറിയും ചെയ്യാറുണ്ട്.

സാധാരണ ആയി, ഒരു ദിവസം മുതൽ മൂന്ന് നാലു ദിവസം വരെ ആണ് ആശുപത്രി വാസം വേണ്ടി വരുക.

ഓപ്പറേഷനു ശേഷം മുറിവിലെ ചലം പോകുവാനായി കഴുത്തിൽ ഒരു താത്കാലിക ഡ്രയിൻ (Drain) ഇടാറുണ്ട്. ഇത് ഒന്ന് മുതൽ മൂന്ന് നാലു ദിവസങ്ങൾക്കുള്ളിൽ നീക്കം ചെയ്യുന്നതാണ്.

സർജറിക്ക് ശേഷം രണ്ടു ആഴ്ചയിലേക്ക് ഭാരിച്ച ജോലികൾ ഒന്നും പാടുള്ളതല്ല. നീന്തൽ പോലെയുള്ള ഊർജ്ജസ്വലമായ കായിക വിനോദങ്ങളും ഭാരോദ്വഹനം ഉൾപ്പെടുന്ന പ്രവർത്തനങ്ങളും കുറഞ്ഞത് പത്ത് ദിവസം മുതൽ 2 ആഴ്ച വരെ വൈകിപ്പിക്കണം. മറ്റു ദൈനദിന കാര്യങ്ങൾ ചെയ്യുന്നതിന് യാതൊരു തടസ്സവും ഉള്ളതല്ല.

തൈറോയ്‌ഡ് സർജറിയുടെ ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ്?

പരിചയസമ്പന്നരായ കൈകളിൽ, തൈറോയ്ഡ് ശസ്ത്രക്രിയ പൊതുവെ വളരെ സുരക്ഷിതമാണ്. അത്തരം സാഹചര്യങ്ങളിൽ സങ്കീർണതകൾ അസാധാരണമാണ്. എന്നിരുന്നാൽ തന്നെയും, തൈറോയ്ഡ് ശസ്ത്രക്രിയയുടെ ഏറ്റവും ഗുരുതരമായ അപകടസാധ്യതകളിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:

  1. തൈറോയ്‌ഡ് ഗ്രന്ഥിയുടെ പിന്ഭാഗത്തായാണ് ശബ്ദത്തെ നിയന്ത്രിക്കുന്ന നാഡി (Recurrent Laryngeal Nerve) ഉള്ളത്. തൈറോയ്‌ഡ് സർജറി ചെയ്യുമ്പോൾ ഈ നാഡിയ്ക്ക് കേടുവന്നാൽ സംസാരശേഷിക്ക് കുഴപ്പം വരാം. ഇത് സാധാരണമായി താത്കാലികമായ തകരാറാവാനാണ് സാധ്യത. ഇങ്ങനെ നാഡിക്ക് ക്ഷതം സംഭവിക്കാതിരിക്കാൻ സർജന്മാർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. കൂടാതെ സർജറി സമയത്ത് ഈ നാഡിയെ കണ്ടുപിടിക്കാനും കേടുവരാതെ സംരക്ഷിക്കുവാനും നെർവ് മോണിറ്ററുകൾ (Nerve Monitor) ഉപയോഗിക്കാറുണ്ട്. രണ്ടു വശത്തെയും നാഡികൾക്കു ക്ഷതം സംഭവിക്കുകയാണെങ്കിൽ ശ്വാസതടസ്സം ഉണ്ടാകാൻ സാധ്യതയും ഉണ്ട്.
  2. തൈറോയ്‌ഡ് ഗ്രന്ഥിയോട് പറ്റിപിടിച്ചാണ് ശരീരത്തിലെ കാൽസ്യം അളവിനെ നിയന്ത്രിക്കുന്ന പാരാതൈറോയ്‌ഡ്‌ (Parathyroid Gland) എന്ന ഗ്രന്ഥി സ്ഥിതിചെയ്യുന്നത്. ഒരു പയർ മണിയുടെ അത്ര വരുന്ന നാല് ചെറിയ ഗ്രന്ഥികളാണിത്. സർജറി സമയത്ത് പാരാതൈറോയ്‌ഡ്‌ ഗ്രന്ഥിയെ കണ്ടുപിടിക്കുകയും കേടുവരാതെ സംരക്ഷിക്കുകയും ചെയ്യുന്നതാണ്. എന്നാലും മിക്ക അവസരണങ്ങളിലും ഈ ഗ്രന്ഥിയുടെ പ്രവർത്തനം താത്കാലികമായി കുറയുന്നത് സാധാരണമാണ്. അങ്ങനെവന്നാൽ കുറച്ചു ദിവസത്തേക്ക് കാത്സ്യം ഗുളികകളും കുത്തിവെപ്പും വേണ്ടിവന്നേക്കും. മിക്ക രോഗികളിലും ഇത് ഒരു താത്കാലിക പ്രശ്‌നമാണ്. കുറച്ചുദിവസത്തിനുശേഷം പൂർണമായും മാറിക്കിട്ടും. അപൂർവം രോഗികളിൽ പാരാതൈറോയ്‌ഡ് ഗ്രന്ഥി അറിയാതെ നീക്കം ചെയ്തു പോകാറുണ്ട്. അങ്ങനെ വന്നാൽ കാൽസ്യം ഗുളിക ജീവിതകാലം മുഴുവൻ തുടർന്ന് കഴിക്കേണ്ടതാണ്.
  3. കഴുത്തിലെ മുറിപാട്
  4. കഴുത്തിലെ ചർമ്മത്തിന്റെ മരവിപ്പ്
  5. അപൂർവം ആളുകളിൽ മുറിവില് അണുബാധ, രക്തപ്പകർച്ച ആവശ്യമുള്ള ഇൻട്രാ-ഓപ്പറേറ്റീവ് / പോസ്റ്റ്-ഓപ്പറേറ്റീവ് രക്തസ്രാവം വേണ്ടിവരുക എന്നിവയാണ് സർജറിയുമായി ആയി ബന്ധപ്പെട്ട മറ്റു ബുദ്ധിമുട്ടുകൾ.

ശസ്ത്രക്രിയയുടെ ബുദ്ധിമുട്ടുകൾ കൂടുതൽ ആയി കണ്ടുവരുന്നത്, ക്യാൻസർ രോഗികളിലും, രണ്ടാമത്തെ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയർ ആകുന്ന രോഗികളിലും, വളരെ വലിയ തടിപ്പുകൾ ഉള്ള രോഗികളിലും ആകുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പ്, ഓപ്പറേഷൻ്റെ കാരണങ്ങൾ, ചികിത്സയുടെ ഇതര രീതികൾ, ഓപ്പറേഷൻ്റെ അപകടസാധ്യതകളും നേട്ടങ്ങളും ഡോക്ടറിൽ നിന്നും രോഗികൾ മനസ്സിലാക്കണം.

തൈറോയ്‌ഡ് സർജറി കൊണ്ട് ചില പ്രയാസങ്ങൾ താത്കാലികമായി ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിലും നല്ലൊരു ശതമാനം രോഗികളും പൂർണമായി സുഖം പ്രാപിക്കുന്നതാണ്.

തൈറോയ്ഡ് ശസ്ത്രക്രിയ ചെയ്യാൻ ആരെയാണ് സമീപിക്കേണ്ടത്?

തൈറോയ്ഡ് ശസ്ത്രക്രിയക്ക് പ്രത്യേക പരിശീലനം ലഭിച്ച, സ്ഥിരമായി തൈറോയ്ഡ് ശസ്ത്രക്രിയ നടത്തുന്നതുമായ ഒരു തൈറോയ്ഡ് സർജനെ സമീപിക്കുന്നതാണ് ഉചിതം. ഓരോ വർഷവും ധാരാളം തൈറോയ്ഡ് ഓപ്പറേഷനുകൾ നടത്തുന്ന ഒരു സർജനെക്കൊണ്ട് ഓപ്പറേഷൻ നടത്തുമ്പോൾ, തൈറോയ്ഡ് ശസ്ത്രക്രിയയുടെ സങ്കീർണത നിരക്ക് കുറവാണ്.

മുറിപ്പാട് മാറാൻ എന്താണ് ചെയ്യേണ്ടത്?

സർജറിയുടെ മുറിപ്പാടു സാധാരണ 12 മുതൽ 18 മാസത്തിനുള്ളിൽ മാഞ്ഞു പോകുന്നതാണ്. മുറിപ്പാടു കുറയാൻ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ സമയം, സൂര്യ പ്രകാശത്തിൽ നിന്നുള്ള സംരക്ഷണം, മസാജ് എന്നിവയാണ്.

  • സമയം: സാധാരണ ആയി 12-18 മാസത്തിനുള്ളിൽ പാടുകൾ സ്വാഭാവികമായും മെച്ചപ്പെടുന്നതിനാൽ, നിങ്ങൾ ക്ഷമയോടെ കാത്തിരിക്കേണ്ടതുണ്ട്.
  • സൺസ്ക്രീൻ: എല്ലാ മുറിപാടുകളും നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷിക്കപ്പെടേണ്ടത് വളരെ പ്രധാനമാണ്. സൂര്യാഘാതം ഏൽക്കുന്ന മുറിപാടുകൾ വളരെക്കാലം ചുവന്നതും തടിച്ചതുമായി തുടരും, ഒരുപക്ഷേ ശാശ്വതമായി പോലും. എല്ലാ പാടുകളിലും സൺസ്ക്രീൻ ഉപയോഗിക്കുന്നത് ഉചിതമാണ്, പ്രത്യേകിച്ച് പുതിയതായ മുറിപാടുകൾ. സിങ്ക് ഓക്സൈഡ് അല്ലെങ്കിൽ ടൈറ്റാനിയം ഡയോക്സൈഡ് അടങ്ങിയ സൺസ്ക്രീൻ ആണ് കൂടുതൽ ഉത്തമം.
  • മസാജ്: മൃദുലമായ മസാജ് മുറിപാടുകൾ പരന്നതാകാൻ സഹായിക്കും. മസാജ് ചെയ്യുമ്പോൾ ചർമ്മത്തെ ലൂബ്രിക്കേറ്റ് ചെയ്യാൻ നിങ്ങൾക്ക് വിറ്റാമിൻ ഇ ഓയിൽ, കൊക്കോ ബട്ടർ, സ്കിൻ ക്രീം പോലുള്ളവ ഉപയോഗിക്കാം. എന്നിരുന്നാലും, ഈ മോയ്സ്ചറൈസറുകളൊന്നും മുറിപാടുകൾ മെച്ചപ്പെടുത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. മസാജിൽ നിന്നുള്ള മർദ്ദം തന്നെ കലകൾ ഉണ്ടാകാതെ മുറിപ്പാട് പരന്നതാകാൻ സഹായിക്കുന്നു. ഓപ്പറേഷന് ശേഷം രണ്ടു ആഴ്ച കഴിയുമ്പോൾ മസാജ് തുടങ്ങാവുന്നതാണ്. കുറഞ്ഞത് 2 മാസമെങ്കിലും ദിവസവും മസാജ് ചെയ്യാൻ ഓർമ്മിക്കുക. മുറിവിന്റെ മുഴുവൻ നീളത്തിലും, നിങ്ങളുടെ വിരൽത്തുമ്പിനാൽ വൃത്താകൃതിയിലുള്ള രീതിയിൽ സ്ഥായിയായ മർദ്ദം നൽകി തടവുക. ഇത് ആദ്യം ചെയ്യുമ്പോൾ വേദന അനുഭവപ്പെട്ടേക്കാം. ആയതിനാൽ തുടക്കത്തിൽ പതിഞ്ഞു ചെയ്തിട്ട്, മർദ്ദത്തിൻ്റെ അളവ് പതുക്കെ വർദ്ധിപ്പിക്കുക.

സർജറിയ്ക്ക് ശേഷം ഹോർമോൺ ഗുളിക വേണ്ടിവരുമോ?

ടോട്ടൽ തൈറോയ്ഡക്ടമി കഴിഞ്ഞ രോഗികളിൽ നിർബന്ധമായും ജീവിതകാലം മുഴുവൻ തൈറോയ്‌ഡ് ഹോർമോൺ ഗുളിക കഴിക്കേണ്ടി വരും.

ഹെമിതൈറോയ്ഡക്ടമി കഴിഞ്ഞ രോഗികളിൽ ആദ്യ കാലങ്ങളിൽ തൈറോയ്ഡ് ഹോർമോൺ കഴിക്കേണ്ടി വരാറില്ലേല്ലും, കാലക്രമേണ അവർക്കും തൈറോയ്ഡ് ഹോർമോൺ ഗുളിക വേണ്ടിവരുന്നത് ആയിട്ടാണ് പഠനങ്ങൾ കാണിക്കുന്നത്.

സർജറിക്ക് ശേഷം സാധാരണ ജീവിതം നയിക്കാൻ കഴിയുമോ?

തീർച്ചയായും. ആദ്യത്തെ രണ്ടു ആഴ്ച കഴിഞ്ഞു നിങ്ങൾ സുഖം പ്രാപിച്ചുകഴിഞ്ഞാൽ, ശസ്ത്രക്രിയയ്ക്ക് മുമ്പ് നിങ്ങൾക്ക് ചെയ്യാൻ കഴിഞ്ഞിരുന്ന എന്തും നിങ്ങൾക്ക് സാധാരണയായി ചെയ്യാൻ കഴിയും.

ഓപ്പറേഷന് ശേഷം അടിയന്തര ചികിത്സാ സഹായം തേടേണ്ടത്‌ എപ്പോഴാണ്?

മുറിവിലെ ചില ചെറിയ നീർവീക്കമോ നിറവ്യത്യാസമോ സാധാരണമാണെങ്കിലും, പെട്ടെന്നുള്ള വേദനയോട് കൂടിയ നീര് വയ്ക്കുക, ശ്വാസോച്ഛ്വാസം ചെയ്യാനോ ഭക്ഷണം വിഴുങ്ങാനോ ബുദ്ധിമുട്ട് ഉണ്ടാവുക എന്നുള്ളത് അടിയന്തിര വൈദ്യസഹായം നേടേണ്ട സാഹചര്യമാണ്.

ചില രോഗികളിൽ വായ്‌ക്ക് ചുറ്റും അല്ലെങ്കിൽ വിരൽത്തുമ്പിൽ/വിരലുകളിൽ/കൈകളിൽ മരവിപ്പ് അനുഭവപ്പെടാറുണ്ട്. ഇത് രക്തത്തിലെ കാൽസ്യം അളവ് കുറഞ്ഞു പോകുന്നതിന്റെ ലക്ഷണമാണ്. ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും നിങ്ങൾക്ക് അനുഭവപ്പെടുകയാണെങ്കിൽ, ഉടൻ തന്നെ നിങ്ങളുടെ ഡോക്ടറുമായി ബന്ധപ്പെടേണ്ടതാണ്.

Author

Dr. Sanu. P. Moideen, MBBS, MS (ENT), DNB (ENT), FHNOS, is an otolaryngologist (ENT surgeon), head and neck oncosurgeon practising in Muvattupuzha, Kerala, India. After finishing his postgraduate training, he pursued specialist training in paediatric ENT and head and neck oncosurgery from eminent institutions in India and the US.

Leave a Reply

Your email address will not be published. Required fields are marked *