അഡിനോയ്ഡ് ഹൈപെർട്രോഫി, അഥവാ കുട്ടികളിലെ മൂക്കിലെ ദശ വളർച്ച

mouth breathing kid

If you are looking for the English version of this article, you can read it here.

എന്താണ് അഡിനോയ്ഡ്?

മൂക്കിന്റെ പിന്നിലായി, 2 വയസു മുതൽ 12 -15  വയസു വരെ ഉള്ള എല്ലാ കുട്ടികൾക്കും ഉണ്ടാകുന്ന സാധാരണ ഗ്രന്ഥിയാണ് അഡിനോയ്ഡ്.

സാധാരണ രീതിയിൽ 12 വയസു വരെ ഉള്ള കുട്ടികളിൽ ആണ് അഡിനോയ്ഡ് ഗ്രന്ഥി കണ്ടുവരാറുള്ളത്. 12 വയസു ആകുമ്പോഴേക്കും ഒട്ടുമിക്ക കുട്ടികളിലും ഈ ഗ്രന്ഥി തനിയെ ഇല്ലാതായി പോകും.

എന്താണ് അഡിനോയ്ഡ് ഗ്രന്ഥിയുടെ ഉപയോഗം?

നമ്മൾ ശ്വസിക്കുന്ന വായുവിനെ ടെസ്റ്റ് ചെയ്യാൻ ഉള്ള ശരീരത്തിന്റെ ഒരു ലാബ് ആണ് അഡിനോയ്ഡ്.

ശരീരത്തിന് ഹാനികരമായ വല്ല വസ്തുവും (ഉദാ: പൂമ്പൊടി, വൈറസ്) മുതലായവ ശ്വാസത്തോടൊപ്പം ശരീരത്തിൽ പ്രവേശിക്കുന്നുണ്ടോ എന്ന് നോക്കുകയാണ് അഡിനോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം.

ഇപ്രകാരം ഹാനികരമായ വസ്തുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ ഉടനെ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങുക എന്നുള്ളതാണ് അഡിനോയ്ഡ് ഗ്രന്ഥിയുടെ കർത്തവ്യം.

ശരീരത്തിലെ മറ്റു അവയവങ്ങൾ പ്രതിരോധ ശേഷി ആർജിക്കുന്നതോടു കൂടി അഡിനോയ്ഡ് ഗ്രന്ഥി തനിയെ ഇല്ലാതായി പോകും.

എന്താണ് അഡിനോയ്ഡ് ഹൈപെർട്രോഫി?

അഡിനോയ്ഡ് ഗ്രന്ഥിയുടെ ക്രമാതീതമായ വളർച്ച ആണ് അഡിനോയ്ഡ് ഹൈപെർട്രോഫി.

മുന്നേ പറഞ്ഞല്ലോ, എല്ലാ കുട്ടികളിലും ഉള്ള ഒരു അവയവം ആണ് അഡിനോയ്ഡ് എന്ന്. എന്നാൽ പല കുട്ടികളിലും പല കാരണത്താലും, ഇതിന്റെ സൈസ് വലുതാകാം. അലര്ജി, പാരമ്പര്യം, മുലപ്പാൽ കുടിക്കാത്ത കുട്ടികൾ, തുടർച്ചയായുള്ള അണുബാധ, അന്തരീക്ഷ മലിനീകരണം തുടങ്ങിയവ അവയിൽ ചില കാരണങ്ങൾ ആണ്.

Grade 4 adenoid hypertrophy
ഗ്രേഡ് 4 അഡിനോയ്ഡ് ഹൈപെർട്രോഫി

എന്താണ് അഡിനോയ്ഡ് ഹൈപെർട്രോഫിയുടെ ലക്ഷണങ്ങൾ?

2 മുതൽ 12 -15  വയസു വരെ ഉള്ള കുട്ടികൾക്ക് സാധാരണയായി കണ്ടു വരുന്ന ഒരു അവസ്ഥയാണ് ഇത്.

മേൽ പറഞ്ഞ കാരണങ്ങളാൽ ക്രമാതീതമായ വളർച്ച അഡിനോയിഡിന് ഉണ്ടാകുമ്പോൾ, വിട്ടുമാറാത്ത ജലദോഷം, പനി, മൂക്കടപ്പ്,  ചെവിവേദന, ചെവിയിലെ പഴുപ്പ്, തൊണ്ട വേദന, കൂടുതൽ സമയവും വാ തുറന്നിരിക്കുക, പഠിത്തത്തിൽ ശ്രദ്ധ കുറയുക എന്നെ ലക്ഷണങ്ങൾ ഉണ്ടാകാം.

അഡിനോയ്ഡ് ഹൈപെർട്രോഫി ഉള്ള കുട്ടികൾ ഉറങ്ങുമ്പോൾ കൂർക്കം വലിക്കുക, വായിൽ പത വരുക, ബെഡിൽ ഉരുണ്ടു മറിയുക,  അറിയാതെ കിടക്കയിൽ മൂത്രം ഒഴിക്കുക എനീ ലക്ഷണങ്ങളും കാണിക്കാം. ചില കുട്ടികൾക്ക് ഉറക്കത്തിൽ ശ്വാസം നിന്ന് പോകുന്ന അവസ്ഥ വരെ ഉണ്ടാകാം.

അതേപോലെ തന്നെ, അഡിനോയ്ഡ് ഹൈപെർട്രോഫി ഉള്ള കുട്ടികളിൽ തിരിച്ചറിയപെടാത്ത കേൾവിക്കുറവ്, ഇടക്കിടെയുള്ള ചെവിവേദന, ചെവിയിലെ പഴുപ്പ് ഒലിക്കൽ എന്നീ ലക്ഷണങ്ങളും ഉണ്ടാകും.

പ്രായം ചെന്ന ചില കുട്ടികളിൽ കൂർക്കം വലി, ചെവിവേദന  തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകണം എന്നില്ല. വളരെ നാളുകൾ ആയുള്ള അഡിനോയ്ഡ് ഗ്രന്ഥിയുടെ അമിത വളർച്ച കാരണം കുഞ്ഞുങ്ങളുടെ മുഖത്തിന്റെ ഷേപ്പ് മാറി പോയിട്ടുണ്ടാകും. കുട്ടികളുടെ ഓമനത്തം ഉള്ള വട്ട മുഖം മാറിയിട്ട് നീളമുള്ള മുഖമായി മാറും. പല്ലുകൾ പൊന്തിയിട്ടുണ്ടാകാം, ക്രമം തെറ്റിയിട്ടുണ്ടാകും. പലപ്പോഴും പല്ലുകൾ ക്ലിപ്പ് ഇട്ടു നേരെ ആക്കാൻ ദന്ത ഡോക്ടറെ കാണിക്കുമ്പോൾ അവർ ആയിരിക്കും കുട്ടിയുടെ മൂക്കിൽ തടസങ്ങൾ എന്തേലും ഉണ്ടോ എന്ന് നോക്കാൻ പറയുന്നത്. കാരണം മൂക്കിൽ അഡിനോയ്ഡ് വളർച്ച ഉള്ളിടത്തോളം കാലം, പല്ലിൽ ക്ലിപ്പ് ഇട്ടിട്ടും കാര്യം ഇല്ല.

എങ്ങനെയാണു അഡിനോയ്ഡ് ഹൈപെർട്രോഫി കണ്ടുപിടിക്കുക?

ഒരു കുട്ടിയെ കാണുമ്പോൾ തന്നെ ഒട്ടു മിക്ക സാഹചര്യങ്ങളിലും അഡിനോയ്ഡ് ഹൈപെർട്രോഫി ഉണ്ടോ എന്ന് ഡോക്ടർക്ക് മനസിലാക്കാൻ കഴിയും. കുട്ടിയുടെ സംസാരം മൂക്കടഞ്ഞ രീതിയിൽ ഉള്ളതാവും.

പിന്നെ കുട്ടിയുടെ പ്രശ്നങ്ങൾ കേൾക്കുമ്പോൾ മനസിലാകും. അഡിനോയ്ഡ് ഹൈപെർട്രോഫി കൺഫേം ചെയ്യാൻ ആയി സാധാരണ രണ്ടു രീതികൾ ആണ് ഉള്ളത്.

 1. കഴുത്തിന്റെ ഒരു എക്സ് റേ – ആദ്യ കാലഘട്ടം മുതൽ വളരെ അധികം ചെയുന്ന ഒരു ലളിതമായ രീതിയാണ് എക്സ് റേ എടുക്കുക എന്നുള്ളത്. കഴുത്തിന്റെ എക്സ് റേ ഉപയോഗിച്ച് അഡിനോയിഡിന്റെ വലുപ്പകൂടുതൽ കാരണം കുഞ്ഞിന്റെ ശ്വാസ നാളത്തിൽ എത്ര ശതമാനം തടസ്സം ഉണ്ട് എന്ന് മനസിലാക്കാൻ സാധിക്കും.

  (ഈ വിഷയത്തിൽ ഡോക്ടറുടെ തന്നെ പഠനം വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക.)
  എന്നാൽ ചെറിയ രീതിയിൽ ഉള്ളതാണേലും റേഡിയേഷന് വിധേയമാകുക എന്നുള്ളത് എക്സ് റേ യുടെ പാർശ്വഫലം ആണ്.

 2. മൂക്കിന്റെ എൻഡോസ്കോപ്പി – അഡിനോയ്ഡ് ഹൈപെർട്രോഫ്യ കണ്ടുപിടിക്കാൻ ഉള്ള ചെലവ് കുറഞ്ഞതും, നൂതനവും ലളിതവുമായ മാർഗം ആണ് മൂക്കിന്റെ എൻഡോസ്കോപ്പി എന്നുള്ളത്.  എക്സ് റേ ഒരു നിഴൽ മാത്രം ആണ് എന്നാൽ എൻഡോസ്കോപ്പി വഴി മൂക്കിന്റെ പിൻഭാഗം നേരിട്ട് കാണാൻ സാധിക്കുകയും, അഡിനോയ്ഡ് ഹൈപെർട്രോഫ്യ തന്നെയാണ് കുഞ്ഞിന്റെ മൂക്കിന്റെ തടസത്തിനു കാരണം എന്ന് ഉറപ്പിക്കാനും കഴിയും.
  മാത്രവുമല്ല എൻഡോസ്കോപ്പി ചെയ്യുമ്പോൾ, അഡിനോയ്ഡ്  വ്യക്തമായി കാണാൻ കഴിയുന്നത് കൊണ്ട് അതിന്റെ വലുപ്പം, അത് എത്ര ശതമാനം തടസ്സം ഉണ്ടാക്കുന്നു, ചെവികൾക്കു പ്രശ്നം ഉണ്ടാകുന്നുണ്ടോ എന്ന കാര്യങ്ങൾ എല്ലാം മനസിലാക്കാം. ഇത് ഓപ്പറേഷൻ അല്ലേൽ മരുന്ന് കൊണ്ടുള്ള  ചികിത്സാരീതി ഏതാണ് മികച്ചത് എന്ന് ആധികാരികതയോടെ തീരുമാനം എടുക്കാനും സഹായിക്കും.

എന്താണ് അഡിനോയ്ഡ് ഹൈപെർട്രോഫിയുടെ ചികിത്സ?

പ്രായത്തിനു അനുസരിച്ചു അഡിനോയ്ഡ് ഗ്രന്ഥിയുടെ അമിത വളർച്ച 4 സ്റ്റേജ്സ് ആയി തിരിക്കാം. സ്റ്റേജ് 1 ഉം രണ്ടും എന്നാൽ 50% താഴെ ഉള്ള തടസ്സം ആണ്. 50% മുതൽ ശ്വാസനാളത്തിന്റെ പൂർണമായ തടസ്സം വരെ ഉള്ളതാണ് സ്റ്റേജ് മൂന്നും നാലും.

50% താഴെ ഉള്ള തടസ്സങ്ങൾ ആണേൽ, ഒരുപക്ഷെ മരുന്നുകൾ മാത്രം ഉപയോഗിച്ച് അഡിനോയ്ഡ് ഗ്രന്ഥിയുടെ വീക്കം നല്ല പോലെ കുറക്കാൻ സാധിക്കും. മൂക്കിൽ ഉപയോഗിക്കുന്ന സ്പ്രേ ആണ് പ്രധാന ചികിത്സാ രീതി.

മരുന്നുകൾ കൊണ്ട് പ്രതികരിക്കാത്തതോ, 50% കൂടുതൽ ഉളളതോ ആയ അഡിനോയ്ഡ് ഹൈപെർട്രോഫി ആണെങ്കിൽ അഡിനോയിഡക്ടമി ശസ്ത്രക്രിയ തന്നെ ആണ് മികച്ച ചികിത്സാ മാർഗം.

അഡിനോയിഡക്ടമി ശസ്ത്രക്രിയ തന്നെ പല രീതിയിൽ ഉണ്ട്.

ആദ്യ കാലങ്ങളിൽ അഡിനോയ്ഡ് ക്യൂറേറ്റജ് എന്ന രീതിയിൽ ഈ ദശ വളർച്ച ഷേവ് ചെയ്തു കളയുക ആയിരുന്നു ചെയ്തിരുന്നത് . അന്ന് സാങ്കേതിക വിദ്യ ഇന്നത്തെ അത്ര വളർന്നിട്ടില്ലാത്തതു കൊണ്ട് ഓപ്പറേഷൻ സമയത്ത് അഡിനോയ്ഡ് കാണുവാനോ, പൂർണമായും നീക്കം ചെയ്‌യുവാനോ സാധിക്കുമായിരുന്നില്ല. മാത്രവുമല്ല ബ്ലീഡിങ്ങിനുള്ള അധിക സാധ്യത, ഓപ്പറേഷന് ശേഷം വേദന തുടങ്ങിയ അധിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു.

നൂതനമായ ചികിത്സ രീതിയാണ് എൻഡോസ്കോപ്പിക് കോബ്ലേഷൻ അഡിനോയിഡക്ടമി എന്നുള്ളത്. ഈ ഓപ്പറേഷനിൽ, എൻഡോസ്കോപ്പി ഉപയോഗിച്ച് അഡിനോയ്ഡ്സ് കാണാൻ കഴിയുന്നത് കൊണ്ടും, കോബ്ലേഷന്റെ പ്രത്യേകത കൊണ്ടും അഡിനോയ്ഡ് പൂർണമായും നീക്കം ചെയ്യാൻ സാധിക്കും.

കോബ്ലേഷന്റെ ഏറ്റവും വലിയ ഗുണം എന്താണെന്നു വച്ചാൽ, ഇതിൽ കീറി മുറിക്കൽ ഇല്ല.

ഈ ടെക്നോളജിയിൽ മൂക്കിലെ ദശ അലിയിപ്പിച്ചു കളയാൻ ആണ് ഉള്ളത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ, തീരെ രക്തസ്രാവം ഇല്ലാതെ തന്നെ ഈ ഓപ്പറേഷൻ ചെയ്യാൻ സാധിക്കുന്നു.

ഒട്ടും തന്നെ വേദന ഉണ്ടാകുന്നില്ല, ഓപ്പറേഷന് ശേഷം 6 മണിക്കൂർ കഴിയുമ്പോഴേക്കും കുഞ്ഞിന് എന്ത് ആഹാരം വേണമെങ്കിലും കഴിക്കാം, വൈകുന്നേരത്തോടു കൂടി വീട്ടിൽ പോകാം, രണ്ടു ദിവസത്തിനുള്ളിൽ സ്‌കൂളിലും പോകാം.

കുഞ്ഞിനെ സംബന്ധിച്ച്, ഓപ്പറേഷൻ കാരണം ഒരു രീതിയിലും ഉള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നില്ല എന്നതാണ് എൻഡോസ്കോപ്പിക് കോബ്ലേഷൻ അഡിനോയിഡക്ടമിയുടെ ഗുണം.

അഡിനോയ്ഡ് നീക്കം ചെയ്യുന്നത് കൊണ്ട് കുഞ്ഞിന് ഭാവിയിൽ ബുദ്ധിമുട്ടു ഉണ്ടാകുമോ?

നേരത്തെ പറഞ്ഞല്ലോ, ശരീരത്തിന്റെ രോഗ പ്രതിരോധം ആണ് അഡിനോയിഡിന്റെ ഉപയോഗം എന്ന്. എന്നാൽ അഡിനോയ്ഡ് മാത്രമല്ല രോഗ പ്രതിരോധ പ്രവർത്തനം ചെയ്യുന്നത്. മജ്ജ, പ്ലീഹ എന്നീ അവയവങ്ങൾ എല്ലാം രോഗ പ്രതിരോധ സംവിധാനങ്ങൾ ആണ്. അത് കൊണ്ട് അഡിനോയ്ഡ് നീക്കം ചെയ്തതിനാൽ കുഞ്ഞിന് ഭാവിയിൽ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടാകുന്നില്ല.

കുഞ്ഞിന് ഉപയോഗത്തെക്കാൾ കൂടുതൽ ദോഷം ആണ് എന്നുണ്ടെങ്കിൽ മാത്രമേ ഡോക്ടർമാർ അഡിനോയ്ഡ് നീക്കം ചെയ്യാൻ നിർദ്ദേശിക്കാറുള്ളു.

എന്താണ് അഡിനോയിഡക്ടമി ഓപ്പറേഷന്റെ പാർശ്വ ഫലങ്ങൾ?

എൻഡോസ്കോപ്പിക് കോബ്ലേഷൻ അഡിനോയിഡക്ടമി എന്നുള്ളത് തികച്ചും ലളിതവും, സുരക്ഷിതവുമായ ഒരു സർജറി ആണ്. എന്നാൽ എല്ലാ സർജറിക്കും ഉള്ളതായ കോംപ്ലിക്കേഷൻസ് ഇതിനും ഉണ്ടാകാം.

 • അണുബാധ,
 • അപൂർവമായ രക്തസ്രാവം,
 • താത്കാലികമായ ശബ്ദത്തിന്റെ മാറ്റം,
 • വളരെ വലിയ അഡിനോയ്ഡ് ഉള്ള കുട്ടികളിൽ അപൂർവമായി ഓപ്പറേഷന് ശേഷം വെള്ളം കുടിക്കുമ്പോൾ മൂക്കിൽ പോകാൻ ഉള്ള സാധ്യത ,
 • അപൂർവമായി (ആയിരത്തിൽ ഏഴു കുട്ടികൾക്ക് എന്ന രീതിയിൽ) അഡിനോയ്ഡ് വീണ്ടും വളരാൻ ഉള്ള സാധ്യത എന്നിവയാണ് കോംപ്ലിക്കേഷൻസ് ആയി ഉള്ളത്. ഈ കാര്യങ്ങൾ എല്ലാം ഓപ്പറേഷന് മുൻപേ ആയി കുഞ്ഞിന്റെ ഡോക്ടർ നിങ്ങളോടു സംസാരിക്കുന്നതാണ്.
 • അനെസ്തേഷ്യയുടെ പാർശ്വഫലങ്ങൾ – ഇതിനെ കുറിച്ച് ഓപ്പറേഷന് മുന്നേ അനസ്തേഷ്യ ഡോക്ടർ നിങ്ങളോടു വിവരിക്കുന്നതാണ്.

അഡിനോയിഡക്ടമി അല്ലാതെ വേറെ ചികിത്സാ ഉണ്ടോ?

 1. കുഞ്ഞു വളരുന്നത് അനുസരിച്ചു ഒട്ടുമിക്ക കുഞ്ഞുങ്ങളിലും അഡിനോയ്ഡ് തനിയെ ഇല്ലാതെ ആയി പോകും. എന്നാൽ ഇതിനു കാലതാമസം എടുക്കും.
 2. 50 ശതമാനത്തിൽ താഴെ വലിപ്പം ഉള്ള അഡിനോയ്ഡ് ആണെങ്കിൽ മൂക്കിൽ സ്‌പ്രെ ഉപയോഗിക്കാം.

എന്നാൽ കുഞ്ഞിന് ശ്വാസ തടസ്സം ഉണ്ടെങ്കിലോ, ചെവിയിൽ വെള്ളക്കെട്ടു ഉണ്ടെങ്കിലോ, സ്‌പ്രേ കൊണ്ട് മാറാത്തതോ ആയ അഡിനോയ്ഡ് ആണെങ്കിൽ ശസ്ത്രക്രിയ തന്നെയാണ് ഉചിതം.

ഓപ്പറേഷൻ സമയത്ത് എന്താണ് സംഭവിക്കുന്നത്?

പൂർണ്ണമായ അനസ്തേഷ്യയിലാണ് (ജനറൽ) ഓപ്പറേഷൻ നടത്തുന്നത്. വായിലൂടെ ആണ് അഡിനോയിഡുകൾ നീക്കം ചെയ്യുന്നതു. അത് കൊണ്ട് പുറമേക്ക് മുറിപ്പാടുകൾ ഒന്നും ഉണ്ടാകുന്നില്ല.

സാധാരണ ഡേ-കെയർ ഓപ്പറേഷൻ എന്ന നിലയിൽ ആണ് അഡിനോയിഡക്ടമി ചെയ്യുന്നത്. ഓപ്പറേഷൻ ദിവസം തന്നെ വൈകുന്നേരം നിങ്ങളുടെ കുട്ടിക്ക് വീട്ടിൽ പോകാൻ കഴിയും. എന്നാൽ ചില സാഹചര്യങ്ങളിൽ ഒരു ദിവസത്തെ ഹോസ്പിറ്റൽ വാസം വേണ്ടി വന്നേക്കാം.

ഓപ്പറേഷന് മുന്നേ എന്തെല്ലാം മുന്നൊരുക്കങ്ങൾ വേണം?

ഓപ്പറേഷന് മുന്നേ ആയി കുഞ്ഞിന് അണുബാധകൾ ഒന്നും ഇല്ല എന്നുള്ളത് ഉറപ്പാക്കണം. പീഡിയാട്രീഷ്യൻ ഡോക്ടറുടെയും, അനസ്തേഷ്യ ഡോക്ടറുടെയും സമ്മതം ഓപ്പറേഷന് മുന്നേ ആയി എടുക്കുകയും, അവരുടെ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യണം.

ഓപ്പറേഷനു ശേഷം എങ്ങനെ?

ഓപ്പറേഷന് ശേഷം നഴ്സ് നിങ്ങളുടെ കുട്ടിയുടെ പൾസും, താപനിലയും പതിവായി പരിശോധിക്കും. നിങ്ങളുടെ കുട്ടിക്ക് ആവശ്യം ഉള്ള വേദന സംഹാരി, മറ്റു മരുന്നുകൾ അവർ നൽകും.

അനസ്തേഷ്യയിൽ നിന്ന് നിങ്ങളുടെ കുട്ടി പൂർണമായി ഉണർന്ന് കഴിഞ്ഞാൽ അവർക്ക് സാധാരണ ഭക്ഷണം കഴിക്കാൻ ആരംഭിക്കാം.

മറ്റു വിശേഷങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിൽ ഡോക്ടറുടെ നിർദ്ദേശ പ്രകാരം, അന്ന് തന്നെയോ, അല്ലെങ്കിൽ അടുത്ത ദിവസമോ വേണ്ട മരുന്നുകളോട് കൂടി കുട്ടിയെ ഡിസ്ചാർജ് ചെയ്യുന്നത് ആയിരിക്കും.

ഡിസ്ചാർജ് ആയാൽ ആദ്യ ഒരു ആഴ്ച സമയം കുട്ടി കഴിയുന്നത്ര വിശ്രമിക്കണം. ചുമയും ജലദോഷവും ഉള്ളവരിൽ നിന്ന് അകന്നു നിൽക്കാൻ ശ്രദ്ധിക്കുക.

ചില കുഞ്ഞുങ്ങളിൽ ഓപ്പറേഷന് ശേഷം ഉള്ള ആദ്യ ദിവസങ്ങളിൽ മൂക്കിൽ നിന്നും ദുർഗന്ധം വരാറുണ്ട്. അപ്രകാരം ഉണ്ടായാൽ 2 -3 ദിവസങ്ങൾക്കുള്ളിൽ തനിയെ മാറിക്കോളും. കുട്ടിയുടെ വായിൽ അണുബാധ ഉണ്ടാകാതിരിക്കാൻ ആദ്യ ദിവസം മുതൽ തന്നെ പല്ലു തേച്ചു വായ വൃത്തി ആക്കി വയ്ക്കുക.

ചില കുഞ്ഞുങ്ങൾക്ക് ഓപ്പറേഷന് ശേഷം തൊണ്ടയിലും ചെവിയിലും ചെറിയ വേദന ഉണ്ടായേക്കാം. ഭക്ഷണം കഴിക്കുന്നതോടു കൂടി തൊണ്ട വേദന മാറി കിട്ടുന്നതാണ്.

അടിയന്തര വൈദ്യ സഹായം തേടേണ്ടത് എപ്പോൾ?

ഡിസ്ചാർജിനു ശേഷം കുട്ടിയുടെ കാര്യത്തിൽ നിങ്ങൾക്ക് എന്തെങ്കിലും ആശങ്കയുണ്ടെങ്കിലോ, അടിയന്തര സഹായം വേണമെങ്കിലോ നിങ്ങളുടെ ഡോക്ടറെയോ അല്ലേൽ നിങ്ങളുടെ വീടിനു അടുത്തുള്ള ഒരു ഇ.എൻ.ടി ഡോക്ടറെയോ ബന്ധപെടുക.

താഴെ പറയുന്ന കാര്യങ്ങൾ എന്തെങ്കിലും ഉണ്ടേൽ, അടിയന്തരമായ വൈദ്യ സഹായം തേടുക.

 • കുട്ടി ഭക്ഷണം കഴിക്കാതിരിക്കുക
 • നിങ്ങളുടെ കുട്ടിയുടെ തൊണ്ടയിൽ നിന്നോ മൂക്കിൽ നിന്നോ എന്തെങ്കിലും രക്തസ്രാവം
 • പതിവ് വേദനസംഹാരികൾ കൊണ്ട് ശമിക്കാത്ത, പുതിയതോ വർദ്ധിച്ചതോ ആയ വേദന
 • നിങ്ങളുടെ കുട്ടിക്ക് പനി ഉണ്ടാവുക – ഇത് അണുബാധയുടെ ലക്ഷണമായിരിക്കാം

അഡിനോയ്ഡ് ഗ്രന്ഥിയെ കുറിച്ചോ അല്ലെങ്കിൽ അതിന്റെ ചികിത്സാ രീതിയെ കുറിച്ചോ നിങ്ങൾക് എന്തേലും സംശയങ്ങളോ, നിങ്ങൾക് കൂടുതൽ എന്തലും അറിയാൻ താല്പര്യം ഉണ്ടെങ്കിലും ബന്ധപ്പടാവുന്നതാണ്.