തൈറോയ്ഡ് ക്യാൻസർ – അറിയേണ്ടത്

Thyroid cancer

If you are looking for the English version of this article, you can read it here.

തൈറോയ്ഡ് ഗ്രന്ഥി എന്നത് ചിത്രശലഭത്തിന്റെ ആകൃതിയിൽ കഴുത്തിന്റെ മുന്നിൽ ആയി സ്ഥിതി ചെയുന്ന ഒരു ഗ്രന്ഥിയാണ്. തൈറോയ്ഡ് ഹോർമോണുകൾ ഉൽപാദിപ്പിക്കുക എന്നതാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ ജോലി. അത് രക്തത്തിലേക്ക് സ്രവിക്കുകയും പിന്നീട് ശരീരത്തിലെ എല്ലാ കോശങ്ങളിലേക്കും എത്തുകയും ചെയ്യുന്നു. തൈറോയ്ഡ് ഹോർമോൺ തലച്ചോറ്, ഹൃദയം, പേശികൾ, ശരീരത്തിലെ മറ്റ് അവയവങ്ങൾ എന്നിവയെ ആവശ്യമുള്ളതുപോലെ പ്രവർത്തിക്കാനും സഹായിക്കുന്നു.

തൈറോയ്ഡ് ക്യാൻസർ എന്നാൽ എന്ത്?

തൈറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന ക്യാൻസർ ആണ് തൈറോയ്ഡ് ക്യാൻസർ.  തൈറോയ്ഡ് ക്യാൻസർ വളരെ സാധാരണമായ ഒരു രോഗം ആണ്.  തൈറോയ്ഡ് ക്യാൻസർ ബാധിച്ച ഒരാളെ എങ്ങും നമുക്കു ജീവിതത്തിൽ പരിചയം ഉണ്ടാകും.

ഏത് പ്രായക്കാർക്കും ക്യാൻസർ ഉണ്ടാകാം, എന്നിരുന്നാലും 30 വയസ്സിനു ശേഷം ഇത് ഏറ്റവും സാധാരണമാണ്, 55 വയസ്സിനു മുകളിലുള്ള രോഗികളിൽ അതിന്റെ രോഗ തീവ്രത ഗണ്യമായി വർദ്ധിക്കുന്നു.

പുരുഷന്മാരെ താരതമ്യം ചെയ്യുമ്പോൾ മൂന്ന് ഇരട്ടി വരെ കൂടുതൽ ആണ് സ്ത്രീകളിലെ ക്യാൻസർ സാധ്യത. അതിനാൽ, തൈറോയ്ഡ് ക്യാൻസർ ബാധിച്ചവരിൽ ഭൂരിഭാഗവും 30 വയസ്സിനു മുകളിലുള്ള സ്ത്രീകളാണ്.

2020ലെ ICMR പഠന പ്രകാരം, കേരളത്തിലെ സ്ത്രീകളിൽ തൈറോയ്ഡ് ക്യാൻസറിന്റെ തോത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് തൈറോയ്ഡ് ക്യാൻസർ ഏറ്റവും സാധാരണമായത്.

എന്താണ് തൈറോയ്ഡ് ക്യാൻസറിന്റെ ലക്ഷണങ്ങൾ?

മിക്ക രോഗികളും തൈറോയിഡിൽ ഒരു നോഡ്യൂൾ (തടിപ്പ് അല്ലേൽ മുഴ) ആയിട്ടാണ് ക്യാൻസർ ആദ്യം കാണപ്പെടുന്നത്, ഇത് സാധാരണയായി മറ്റ് രോഗ ലക്ഷണങ്ങളൊന്നും ഉണ്ടാക്കില്ല.

മിക്കപ്പോഴും, മറ്റു പല രോഗകാരണങ്ങളാൽ കഴുത്തിന്റെ സ്കാൻ ചെയ്യുമ്പോൾ, ആകസ്മികമായി ആണ് തൈറോയ്ഡ് നോഡ്യൂളുകൾ കണ്ടെത്തുന്നത്. ചില ആളുകൾ കണ്ണാടിയിൽ നോക്കുമ്പോഴോ, കോളറിന്റെ ബട്ടണുകൾ ഇടുമ്പോഴോ, സുഹൃത്തുക്കൾ ശ്രദ്ധയിൽ പെടുത്തുമ്പോഴോ, മാല മുറുക്കുമ്പോഴോ മറ്റോ ആയിരിക്കാം കഴുത്തിലെ മുഴ ശ്രദ്ധിക്കുക.

അപൂർവ്വമായി, തൈറോയ്ഡ് ക്യാൻസറുകളും നോഡ്യൂളുകളും രോഗലക്ഷണങ്ങൾ ഉണ്ടാക്കാം.  ഒരു നോഡ്യൂൾ, രോഗിയുടെ ശ്വാസനാളത്തെയോ അന്നനാളത്തെയോ ഞെരുക്കാൻ പര്യാപ്തമാണെങ്കിൽ, അത് ശ്വസനം, വിഴുങ്ങൽ എന്നിവയിൽ ബുദ്ധിമുട്ട് ഉണ്ടാക്കാം.  ചില സാഹചര്യങ്ങളിൽ ശബ്ദ നാഡിയെ നിയന്ത്രിക്കുന്ന ഞരമ്പുകളെ ക്യാൻസർ ബാധിക്കുകയും, അപ്രകാരം ഉള്ള രോഗികളിൽ ശബ്ദത്തിനു മാറ്റവും, ശ്വാസ തടസവും ആയി തൈറോയ്ഡ് ക്യാൻസർ പ്രത്യക്ഷപ്പെടാം. അപൂർവം ചില രോഗികളിൽ കഴുത്തിലെ വേദന, ചെവിയിലെ വേദന, താടി-എല്ലിലെ വേദന, പുറം വേദന എന്നിവയെല്ലാം ആയി ക്യാൻസർ ലക്ഷണങ്ങൾ കാണിച്ചേക്കാം.

എന്താണ് തൈറോയ്ഡ് ക്യാൻസറിന്റെ കാരണം?

രക്ത ബന്ധത്തിൽ തൈറോയ്ഡ് ക്യാൻസർ ഉള്ളവരിലും, സ്ത്രീകളിലും, 40 വയസ്സിനു മുകളിൽ പ്രായമുള്ളവരിലുമാണ് തൈറോയ്ഡ് ക്യാൻസർ കൂടുതലായി കാണപ്പെടുന്നത്.

ഉയർന്ന അളവിലുള്ള റേഡിയേഷന് വിധേയം ആയവർ, കുട്ടിക്കാലത്തു ഉയർന്ന ഡോസ് റേഡിയേഷൻ എക്സ്പോഷർ ലഭിച്ചവർ എന്നിവരിൽ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. ആണവ ദുരന്തങ്ങളിൽ (ചെർണോബിൽ അപകടം അല്ലെങ്കിൽ 2011-ൽ ഫുകുഷിമ ദുരന്തം) റേഡിയോ ആക്ടിവിറ്റിയുടെ എക്സ്പോഷർ, ക്യാൻസർ വരാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ച് കുട്ടികളിൽ, തൈറോയ്ഡ് ക്യാൻസർ ഉണ്ടാകാം.

എന്നിരുന്നാലും, മിക്ക ആളുകൾക്കും, എന്തുകൊണ്ടാണ് തൈറോയ്ഡ് ക്യാൻസർ വരുന്നു എന്നുള്ളത് വ്യക്തമായി തെളിയിക്കപ്പെട്ടിട്ടില്ല.

എങ്ങനെയാണു തൈറോയ്ഡ് ക്യാൻസർ രോഗം നിർണയിക്കുന്നത്?

തൈറോയ്ഡ് നോഡ്യൂളുകൾ വളരെ സാധാരണമാണ്, എന്നാൽ 10 ശതമാനത്തിൽ താഴെ നോഡ്യൂളുകളിൽ മാത്രമേ ക്യാൻസർ റിസ്ക് ഉള്ളു. തൈറോയ്ഡ് നോഡ്യൂളുകളിൽ ഉണ്ടാകുന്ന ക്യാൻസറുകൾ സാധാരണയായി രോഗലക്ഷണങ്ങൾ ഉണ്ടാക്കില്ല.

രക്തപരിശോധനകൾ സാധാരണയായി തൈറോയ്ഡ് ക്യാൻസർ കണ്ടെത്തുന്നതിന് സഹായിക്കില്ല. നിങ്ങൾക്ക് ക്യാൻസർ ഉള്ളപ്പോൾ പോലും ടിഎസ്എച്ച് പോലുള്ള തൈറോയ്ഡ് രക്തപരിശോധനകൾ സാധാരണയായി നോർമൽ ആയിരിക്കും.

പതിവ് ആരോഗ്യ പരിശോധനയുടെ ഭാഗമായി നിങ്ങളുടെ ഡോക്ടർ നിങ്ങളുടെ കഴുത്ത് പരിശോധിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് തൈറോയ്ഡ് നോഡ്യൂൾ കണ്ടെത്താനുള്ള ഏറ്റവും നല്ല മാർഗം.

രോഗ വിവരണത്തിൽ നിന്നും, ലക്ഷണങ്ങളിൽ നിന്നും, നിങ്ങളുടെ ശാരീരിക പരിശോധനയിൽ നിന്നും നിങ്ങൾക്ക്  ക്യാൻസർ ഉണ്ടോ എന്ന് ഉറപ്പിക്കുവാനോ സംശയിക്കാനോ ഡോക്ടറിന് സാധിക്കും. അപ്രകാരം ആണേൽ, കഴുത്തിന്റെ അൾട്രാ സൗണ്ട് സ്കാനും, സ്കാൻ ചെയ്തു കൊണ്ട് തൈറോയ്‌ഡിൽ നിന്നും ഫ്.എൻ.എ.സി (GUIDED FNAC) അഥവാ സൂചി പരിശോധന കൂടി ചെയ്യാൻ ഡോക്ടർ നിർദ്ദേശിക്കുന്നതാണ്. ചില സാഹചര്യങ്ങളിൽ സി.ടി സ്കാൻ അല്ലേൽ എം.ആർ.ഐ സ്കാൻ എന്നിവയും നിർദ്ദേശിച്ചേക്കാം.

ഒട്ടുമിക്ക സാഹചര്യങ്ങളിലും സ്കാനിന്റെയും, സൂചി പരിശോധനയുടെയും ഫലങ്ങൾ ക്യാൻസർ ആണോ എന്ന് ഉറപ്പിക്കാൻ നിങ്ങളുടെ ഡോക്ടറെ സഹായിക്കും. എന്നാൽ ചില സാഹചര്യങ്ങളിൽ ആശയ കുഴപ്പം ഉണ്ടാക്കുന്ന റിപ്പോർട്ടുകൾ ലഭിക്കാവാനും സാധ്യത ഉണ്ട്.

ശസ്ത്രക്രിയയിലൂടെ നോഡ്യൂൾ നീക്കം ചെയ്തതിന് ശേഷം മാത്രമേ  ക്യാൻസർ കൃത്യമായി നിർണ്ണയിക്കാൻ കഴിയൂ.

വ്യത്യസ്ത തരം തൈറോയ്ഡ് ക്യാൻസർ എന്തെല്ലാമാണ്?

പാപ്പിലറി തൈറോയ്ഡ് ക്യാൻസർ: ഏറ്റവും സാധാരണമായ തൈറോയ്ഡ് ക്യാൻസർ ആണ് പാപ്പില്ലറി ക്യാൻസർ. തൈറോയ്ഡ് ക്യാൻസറുകളിൽ 70% മുതൽ 80% വരെ പാപ്പില്ലറി ക്യാൻസർ ആണ്. പാപ്പില്ലറി ക്യാൻസർ ഏത് പ്രായത്തിലും ഉണ്ടാകാം. ഇത് സാവധാനത്തിൽ വളരുകയും പലപ്പോഴും കഴുത്തിലെ ലിംഫ് നോഡുകളിലേക്ക് (കഴലകളിലേക്കു) വ്യാപിക്കുകയും ചെയ്യുന്നു. കഴലകളിലേക്കു പടർന്നാലും പാപ്പില്ലറി ക്യാൻസറിന് പൊതുവെ മികച്ച ചികിത്സാ ഫലം ആണ് ഉള്ളത്.

ഫോളികുലാർ തൈറോയ്ഡ് ക്യാൻസർ: തൈറോയ്ഡ് ക്യാൻസറുകളിൽ 10% മുതൽ 15% വരെ ഫോളികുലാർ ക്യാൻസർ ആണ്. ഫോളികുലാർ ക്യാൻസർ രക്തത്തിലൂടെ മറ്റു അവയവങ്ങളിലേക്ക്, പ്രത്യേകിച്ച് ശ്വാസകോശങ്ങളിലേക്കും എല്ലുകളിലേക്കും വ്യാപിക്കും. സൂചി പരിശോധനയിലൂടെ ഫോളികുലാർ ക്യാൻസർ കണ്ടു പിടിക്കാൻ കഴിയുകയില്ല. സംശയം തോന്നുകയാണേൽ, തൈറോയ്ഡ് നീക്കം ചെയ്തു പരിശോധിക്കുകയാണ് വേണ്ടത്.

പാപ്പില്ലറി, ഫോളികുലാർ തൈറോയ്ഡ് ക്യാൻസറുകൾ എന്നിവയെ ഒന്നിച്ചു ചേർത്ത് ഡിഫറൻഷ്യേറ്റഡ് തൈറോയ്ഡ് ക്യാൻസറുകൾ (DTC) എന്നും വിളിക്കപ്പെടുന്നു. ഇവയുടെ ചികിത്സാഫലം സാധാരണയായി വളരെ നല്ലതാണ്.

മെഡുലറി തൈറോയ്ഡ്ർ ക്യാൻസർ: മെഡുല്ലറി ക്യാൻസർ (MTC) തൈറോയ്ഡ് ക്യാൻസറുകളിൽ ഏകദേശം 2% വരും. ഏകദേശം 25% എംടിസിയും കുടുംബ ബന്ധങ്ങളിൽ ഉള്ളവരിൽ ആണ് കണ്ടു വരുന്നത്. രോഗബാധിതനായ ഒരു വ്യക്തിയുടെ കുടുംബാംഗങ്ങളിൽ, RET പ്രോട്ടോ-ഓങ്കോജീനിൽ ജനിതകമാറ്റം വരുത്തുന്നതിനുള്ള പരിശോധന മെഡല്ലറി തൈറോയ്ഡ് ക്യാൻസറിന്റെ നേരത്തെയുള്ള രോഗനിർണ്ണയത്തിലേക്കും അതിന്റെ ഫലമായി രോഗശമന ശസ്ത്രക്രിയയിലേക്കും നയിച്ചേക്കാം.

അനാപ്ലാസ്റ്റിക് തൈറോയ്ഡ് ക്യാൻസർ: അനാപ്ലാസ്റ്റിക് ക്യാൻസർ മനുഷ്യരാശിക്ക് അറിയാവുന്ന എല്ലാ ക്യാൻസറുകളിലും ഏറ്റവും മാരകമായ ഒന്നാണ്. അനാപ്ലാസ്റ്റിക്  ക്യാൻസർ വളരെ അപൂർവമാണ്, തൈറോയ്ഡ് ക്യാൻസർ ബാധിച്ച 2% രോഗികളിൽ ഇത് കാണപ്പെടുന്നു. തൈറോയ്ഡ് അർബുദങ്ങളിൽ ഏറ്റവും തീവ്രമായതും ആക്രമണാത്മകവുമായ വകഭേദം ആണ് അനാപ്ലാസ്റ്റിക്  ക്യാൻസർ. ഈ വകഭേദം ചികിത്സയോട് പ്രതികരിക്കാനുള്ള സാധ്യത കുറവാണ്.

എന്താണ് തൈറോയ്ഡ് ക്യാൻസറിന്റെ ചികിത്സാ?

ശസ്ത്രക്രിയ: തൈറോയ്ഡ് ക്യാൻസറിനുള്ള മുഖ്യ ചികിത്സാ രീതിയാണ് ശസ്ത്രക്രിയ. തൈറോയ്ഡ് ക്യാൻസർ പലപ്പോഴും ശസ്ത്രക്രിയയിലൂടെ മാത്രം ഭേദമാക്കാൻ സാധിക്കുന്നു, പ്രത്യേകിച്ച് ക്യാൻസർ ചെറുതാണെങ്കിൽ.

ശസ്ത്രക്രിയ വഴി, ലോബെക്ടമി / ഹെമി തൈറോയ്‌ഡിക്ടമി എന്നറിയപ്പെടുന്ന, അർബുദവുമായി ബന്ധപ്പെട്ട ഭാഗം മാത്രം നീക്കം ചെയ്യുകയോ അല്ലെങ്കിൽ ടോട്ടൽ തൈറോയ്‌ഡിക്ടമി അഥവാ തൈറോയ്ഡ് ഗ്രന്ഥി പൂർണമായും നീക്കം ചെയ്യുകയോ ചെയ്യാം.

തൈറോയ്ഡ് ശസ്ത്രക്രിയയെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ ലിങ്ക് സന്ദർശിക്കുക.

ട്യൂമറിന്റെ വലുപ്പത്തെയും തൈറോയ്ഡ് ഗ്രന്ഥിക്ക് പുറത്തേക്ക് ട്യൂമർ പടർന്നിട്ടുണ്ടോ ഇല്ലയോ എന്നീ ഘടകങ്ങളെയെല്ലാം ആശ്രയിച്ചിരിക്കും ശസ്ത്രക്രിയയുടെ വ്യാപ്തി. കഴുത്തിലെ കഴലകളിൽ (ലിംഫ് നോഡുകൾ) ക്യാൻസർ വ്യാപിച്ചിട്ടുണ്ടെങ്കിൽ, ഈ ലിംഫ് നോഡുകൾ കൂടി നീക്കം ചെയ്യേണ്ടതാണ്. ഈ ശസ്ത്രക്രിയക്ക് നെക്ക് ഡിസക്ഷൻ എന്ന് പറയുന്നു.

പാപ്പില്ലറി തൈറോയ്ഡ് മൈക്രോകാർസിനോമ എന്ന് വിളിക്കപ്പെടുന്ന 1 സെന്റിമീറ്ററിൽ താഴെ വ്യാസമുള്ള ഒരു ചെറിയ ട്യൂമർ ആണ് നിങ്ങൾക്കു ഉള്ളതെങ്കിൽ , ശസ്ത്രക്രിയ കൂടാതെ തന്നെ നിങ്ങളെ ചികിത്സിക്കാൻ കഴിയുമെന്ന് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു.

റേഡിയോ ആക്ടീവ് അയഡിൻ തെറാപ്പി (I-131 തെറാപ്പി): ശസ്ത്രക്രിയക്ക് ശേഷമുള്ള തൈറോയ്ഡ് ഗ്രന്ഥിയുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമത്തെ റേഡിയോ ആക്ടീവ് അയോഡിൻ അബ്ലേഷൻ എന്ന് വിളിക്കുന്നു.

സാധാരണ ആയി, അഡ്വാൻസ്ഡ് സ്റ്റേജ്‌ ക്യാൻസർ ആണെങ്കിൽ, അല്ലെങ്കിൽ ലിംഫ് നോഡുകളിലേക്ക് പടർന്നിട്ടുണ്ടെങ്കിൽ, അതല്ലെങ്കിൽ ക്യാൻസർ വീണ്ടും വരാനുള്ള സാധ്യത ഉണ്ട് എന്ന് ഡോക്ടർക്ക് തോന്നുന്ന പക്ഷം, തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്തതിന് ശേഷം റേഡിയോ ആക്ടീവ് അയഡിൻ തെറാപ്പി ചെയ്യേണ്ടതായി വരും.

അബ്ലേഷൻ പ്രക്രിയയിൽ ഉപയോഗിക്കുന്ന റേഡിയോ ആക്ടീവ് അയോഡിൻ, തൈറോയിഡിന് പുറത്തുള്ള കോശങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തുന്നില്ല. എന്നിരുന്നാലും, വലിയ അളവിൽ റേഡിയോ ആക്ടീവ് അയഡിൻ സ്വീകരിക്കുന്ന ചില രോഗികളിൽ, റേഡിയോ ആക്ടീവ് അയോഡിൻ ഉമിനീർ ഗ്രന്ഥികളെ ബാധിക്കുകയും വായ വരണ്ടതാക്കുകയും ചെയ്യും. ഉയർന്ന അളവിൽ റേഡിയോ ആക്ടീവ് അയോഡിൻ ആവശ്യമാണെങ്കിൽ, പിന്നീട് ജീവിതത്തിൽ മറ്റ് അർബുദങ്ങൾ ഉണ്ടാകാനുള്ള ഒരു ചെറിയ അപകടസാധ്യതയും ഉണ്ടായേക്കാം. ഈ അപകടസാധ്യത വളരെ ചെറുതാണേലും, റേഡിയോ ആക്ടീവ് അയോഡിൻറെ ഡോസ് കൂടുന്നതിനനുസരിച്ച് അപകടസാധ്യത വർദ്ധിക്കുന്നു. സാധ്യമായ ഏറ്റവും ചെറിയ ഡോസ് ഉപയോഗിച്ച് ചികിത്സയുടെ അപകടസാധ്യതകൾ കുറയ്ക്കാൻ കഴിയും.

ഇപ്രകാരം അയോഡിൻ തെറാപ്പി വേണ്ടിവന്നാൽ അതിനു വേണ്ട മുന്നൊരുക്കങ്ങൾ നിങ്ങളുടെ ഡോക്ടർ വിശദീകരിക്കുന്നതാണ്‌.

കീമോതെറാപ്പി: കഴുത്തിന് പുറത്തേക്കു പടരുന്ന (മെറ്റസ്റ്റാറ്റിക്) തൈറോയ്ഡ് കാൻസർ അപൂർവമാണ്, അപ്രകാരം ഉള്ള ക്യാൻസറുകൾക്ക്, അല്ലെങ്കിൽ റേഡിയോ ആക്ടീവ് അയഡിൻ തെറാപ്പി ഫലപ്രദമല്ലാത്തപ്പോൾ, മറ്റ് തരത്തിലുള്ള ചികിത്സകൾ ആവശ്യമാണ്. ഇപ്രകാരം ഉള്ള ക്യാന്സറുകളെ ചികിൽസിക്കാൻ ആയി സൊറാഫെനിബ്, ഡബ്‌റാഫെനിബ്, ട്രമെറ്റിനിബ് തുടങ്ങിയ കീമോതെറാപ്പി മരുന്നുകൾ ഉപയോഗിക്കാറുണ്ട്. ഈ മരുന്നുകൾക്ക് ക്യാൻസർ പൂർണമായി ഭേദമാക്കാൻ കഴിയുകയില്ലേലും, ക്യാൻസറിന്റെ വളർച്ചയെ മന്ദഗതിയിലാക്കാനോ ഭാഗികമായി മാറ്റാനോ കഴിയും.

റേഡിയേഷൻ: മറ്റു ചികിത്സ രീതികൾ പരാജയപ്പെടുമ്പോൾ, രോഗിയുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ആയി എക്സ്ടെർണൽ ബീം റേഡിയോതെറാപ്പി എന്ന ചികിത്സാ രീതി നിർദ്ദേശിക്കാറുള്ളതാണ്. ഇത് ക്യാൻസറിന്റെ വളർച്ചയെ കൊല്ലുകയോ മന്ദഗതിയിലാക്കുകയോ ചെയ്യും.

എന്തെല്ലാം ആണ് തൈറോയ്ഡ് ശസ്ത്രക്രിയയുടെ പാർശ്വഫലങ്ങൾ?

  • കഴുത്തിലെ മുറിപ്പാട്
  • കഴുത്തിലെ മരവിപ്പ്
  • ജീവിതകാലം മുഴുവൻ തൈറോയ്ഡ് ഹോർമോൺ കഴിക്കേണ്ടി വരുക
  • 4% രോഗികളിൽ പാരാതൈറോയ്ഡ് ഗ്രന്ഥിക്ക് ക്ഷതം സംഭവിക്കുകയും, അപ്രകാരം ഉണ്ടായാൽ കാൽസ്യം ഗുളികകൾ കഴിക്കേണ്ടി വരുക
  • താൽക്കാലികം / സ്ഥായിയായ ശബ്ദ വ്യതിയാനം (2% രോഗികളിൽ)
  • താൽക്കാലികം / സ്ഥായിയായ ശ്വാസതടസം (2% രോഗികളിൽ)
  • എല്ലാ സർജറിക്കും ഉള്ളതായ കോംപ്ലിക്കേഷൻസ് ഇതിനും ഉണ്ടാകാം – അണുബാധ, രക്തസ്രാവം മുതലായവ.
  • അനെസ്തേഷ്യയുടെ പാർശ്വഫലങ്ങൾ – ഇതിനെ കുറിച്ച് ഓപ്പറേഷന് മുന്നേ അനസ്തേഷ്യ ഡോക്ടർ നിങ്ങളോടു വിവരിക്കുന്നതാണ്.

തുടർ പരിശോധനകൾ എങ്ങനെ ആണ്?

ക്യാൻസർ ബാധിച്ച എല്ലാ രോഗികൾക്കും പ്രാഥമിക ചികിത്സക്കു ശേഷം തുടർ പരിശോധനകൾ അത്യാവശ്യമാണ്, കാരണം തൈറോയ്ഡ് ക്യാൻസർ വീണ്ടും വരാൻ സാധ്യത ഉള്ളതാണ്. കഴുത്തിന്റെ പരിശോധന കൂടാതെ അൾട്രാ സൗണ്ട് സ്കാനും, രക്തപരിശോധനയും, ആവശ്യം വന്നാൽ അയഡിൻ സ്കാൻ, PET സ്കാൻ എന്നിവയും തുടർ പരിശോധനകളിൽ ഡോക്ടർ നിർദ്ദേശിക്കുന്നതാണ്.

തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്‌താൽ പകരം ജീവിതകാലം മുഴുവൻ തൈറോയ്ഡ് ഹോർമോൺ (ലെവോതൈറോക്‌സിൻ) കഴിക്കേണ്ടതുണ്ട്. സാധാരണ തൈറോയ്ഡ് ശസ്ത്രക്രിയക്ക് ശേഷം കഴിക്കുന്നതിൽ നിന്നും വ്യത്യസ്തം ആണ് തൈറോയ്ഡ് ക്യാൻസർ ഉള്ള രോഗികളുടെ ഗുളികയുടെ ഡോസ്. തൈറോയ്ഡ് ക്യാൻസർ തിരിച്ചു വരാതിരിക്കാൻ രക്തത്തിലെ TSH ലെവൽ അടിച്ചമർത്തി വെക്കേണ്ടതുണ്ട്. അതിനു ലെവോതൈറോക്‌സിന്റെ ഉയർന്ന ഡോസുകൾ ആവശ്യമാണ്. ലെവോതൈറോക്സിൻ ഡോസ് ശരിയാണോ എന്നതിന്റെ ഒരു നല്ല സൂചകമാണ് ടിഎസ്എച്ച് ലെവൽ. വിദഗ്ധനായ ഒരു ഓങ്കോളജി ഡോക്ടറുടെ സേവനം ഇതിനു വളരെ ആവശ്യമാണ്.

രക്തത്തിലെ തൈറോഗ്ലോബുലിൻ (Tg) ലെവൽ അളക്കുന്നതാണ് മറ്റൊരു പ്രധാന രക്തപരിശോധന. ക്യാൻസർ തിരിച്ചു വരുന്നതിന്റെ ലക്ഷണം ആണ് തൈറോഗ്ലോബുലിൻ ലെവൽ ഉയരുക എന്നുള്ളത്.

പതിവ് രക്തപരിശോധനയ്ക്ക് പുറമേ, ക്യാൻസർ കോശങ്ങൾ അവശേഷിക്കുന്നുണ്ടോ എന്ന് നിർണ്ണയിക്കാൻ, ഡോക്ടർ അയഡിൻ സ്കാൻ നിർദ്ദേശിക്കാറുണ്ട്. ഈ സ്കാനുകൾ ഉയർന്ന അപകടസാധ്യതയുള്ള രോഗികൾക്ക് ആണ് കൂടുതൽ ആയി വേണ്ടി വരാറുള്ളത്.

എങ്ങനെയാണു തൈറോയ്ഡ് ക്യാൻസർ ചികിത്സാ ഫലങ്ങൾ?

പാപ്പില്ലറി, ഫോളിക്കുലാർ ക്യാൻസറിന്റെ ചികിത്സാഫലങ്ങൾ വളരെ മികച്ചതാണ്, പ്രത്യേകിച്ചും താഴെ പറയുന്ന രോഗികളിൽ

  • 55 വയസ്സിന് താഴെയുള്ളവരുടെയും
  • ക്യാൻസറിന്റെ ആദ്യ സ്റ്റേജസും
  • ക്യാൻസർ തൈറോയ്ഡ് ഗ്രന്ഥിക്ക് പുറത്തേക്ക് വ്യാപിച്ചിട്ടില്ലെങ്കിൽ
  • ട്യൂമറിന് ആക്രമണാത്മക ഹിസ്റ്റോളജി ഇല്ലെങ്കിൽ

55 വയസ്സിന് മുകളിൽ പ്രായമുണ്ടെങ്കിൽ, അല്ലെങ്കിൽ വലുതോ, ആക്രമണാത്മക ഹിസ്റ്റോളജി ഉണ്ടെങ്കിൽ കൂടി ചികിത്സാഫലം മികച്ചത് തന്നെ ആണ്. പക്ഷെ രോഗം വീണ്ടും വരാൻ ഉള്ള സാധ്യത അധികം ആണ്.

ശസ്ത്രക്രിയയിലൂടെ പൂർണ്ണമായും നീക്കം ചെയ്യാൻ കഴിയാത്തതോ, റേഡിയോ ആക്ടീവ് അയോഡിൻ ചികിത്സയിലൂടെ നശിപ്പിക്കാൻ കഴിയാത്തതോ ആയ ക്യാൻസർ ആണേൽ ചികിത്സാഫലങ്ങൾ മികച്ചത് ആയിരിക്കണമെന്നില്ല. എന്നിരുന്നാലും, ക്യാൻസറുമായാണ് ജീവിക്കുന്നത് എന്ന വസ്തുത ഉണ്ടെങ്കിലും, വളരെക്കാലം ജീവിക്കാനും നിലവാരമുള്ള ജീവിതം നയിക്കുവാനും രോഗിക്ക് കഴിയും.

ക്യാൻസറിന്റെ പ്രതീക്ഷിക്കുന്ന ചികിത്സാഫലം ഓരോരുത്തർക്കും വ്യത്യസ്തം ആയിരിക്കും. അതിനെ കുറിച്ച് നിങ്ങളുടെ ഡോക്ടറോട് സംസാരിക്കേണ്ടത് പ്രധാനമാണ്. വിജയകരമായ ചികിത്സയ്ക്കു ശേഷവും ആജീവനാന്ത പരിശോധന ആവശ്യമാണ്.