കുട്ടികളിലെ കേൾവിക്കുറവ് : മാതാപിതാക്കൾ അറിയേണ്ടത്

pediatric hearing loss

If you are looking for the English version of this article, you can read it here.

ലോകമാകെ, ആയിരത്തിൽ അഞ്ചു കുട്ടികൾക്ക് എന്ന തോതിൽ കണ്ടു വരുന്ന കേൾവിക്കുറവ്, മനുഷ്യരിൽ ഉണ്ടാകുന്ന ജന്മവൈകല്യങ്ങളിൽ മുൻപിൽ നിൽക്കുന്ന ഒന്നാണ്.

ശാരീരികമായ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാത്തതിനാലും, പുറമേക്ക് പ്രകടമല്ലാത്തതിനാലും പലപ്പോഴും തിരിച്ചറിയപെടാതെ പോകുന്ന ഒരു വൈകല്യമാണ് കുട്ടികളിലുള്ള കേൾവിക്കുറവ് അഥവാ ബധിരത.

കേൾവിക്കുറവ് കുട്ടികൾക്ക് സ്വയം തിരിച്ചറിയാന് കഴിയില്ല. തിരിച്ചറിയപ്പെടാനാകാതെ പോകുന്ന കുട്ടികളിലെ ഈ കേൾവിക്കുറവ് ദൂരവ്യാപകമായ പല പ്രത്യാഘാതങ്ങളും ഉണ്ടാക്കും. കേൾവിശക്തി ഇല്ലാത്ത കുട്ടികൾ ഭാവിയിൽ സംസാരിക്കാനുള്ള കഴിവ് ഇല്ലാതെ മൂകരായി മാറുകയും ചെയ്യും.

കേൾവി കുറവുള്ള കുട്ടികളുടെ സംസാരശൈലി, ആശയവിനിമയം, ഭാഷാപഠനം, ധാരണാശക്‌തി, മാനസിക-സാമൂഹിക വളര്ച്ച തുടങ്ങിയവെല്ലാം സമപ്രായക്കാരായ മറ്റുകുട്ടികളേക്കാളും വളരെ പിന്നിലായിരിക്കും. ഇവർ പഠനത്തിൽ പിന്നോട്ടു പോവുകയും, ക്ലാസ്സിലും, സുഹൃത് വലയങ്ങളിലും മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെടുകയും ചെയ്യും. ക്ലാസ്സിൽ ശ്രദ്ധിക്കാത്തവനെന്നും, പറഞ്ഞാൽ കേൾകാത്തവനെന്നും കൂടിയുള്ള പഴികൾ കേൾക്കേണ്ടി വരുന്നത് ഇവരെ ശാരിരികമായും, മാനസികമായും തളർത്തും .

ചെറിയ പ്രായത്തിലെ തിരിച്ചറിയുകയും, കൃത്യമായ ചികിത്സയും പുനരധിവാസവും നൽകുകയും ചെയ്താൽ മറ്റു കുട്ടികളെ പോലെ തന്നെ മിടുക്കരാകുവാൻ ഇവർക്കും കഴിയും.

എന്താണ് കുട്ടികളിലെ കേൾവിക്കുറവിനു കാരണം?

കുട്ടികളിലെ കേൾവിക്കുറവിനെ താഴെ പറയുന്ന വിധം മൂന്നായി തരം തിരിക്കാം

  • ബാഹ്യ കർണത്തിന്റെയോ , മധ്യ കർണത്തിന്റെയോ രോഗങ്ങളാൽ മൂലം ഉണ്ടാകുന്ന കണ്ടക്റ്റീവ് ഡെഫ്‌നെസ്,
  • ആന്തരിക കർണത്തിന്റെയോ, ഓഡിറ്ററി നെർവുകളുടെയോ (കർണനാഡി) രോഗാവസ്ഥ കൊണ്ടുണ്ടാകുന്ന സെന്സറിന്യൂറൽ ഡെഫ്‌നെസ്.
  • ഇത് രണ്ടും ഇടകലർന്ന മിക്സഡ് ഡെഫ്‌നെസ് എന്നും .

കേൾവിക്കുറവിന്റെ തീവ്രത അനുസരിച്ചു ഇവയെ മൈൽഡ്, മോഡറേറ്റ്, സിവിയർ, പ്രൊഫൗണ്ട് എന്ന് വീണ്ടും തരം തിരിക്കുന്നു.

നവജാതശിശുക്കളിലും കുഞ്ഞുകുട്ടികളിലും കൂടുതലായി കണ്ടുവരുന്നത് സെന്സറി ന്യൂറൽ ഡെഫ്‌നെസ് ആണ്. എന്നാൽ മുതിർന്ന കുട്ടികളിൽ കൂടുതലായി കണ്ടു വരുന്നത് കണ്ടക്റ്റീവ് ഡെഫ്‌നെസ് ആണ്.

നവജാത ശിശുക്കളിലെ കേൾവിക്കുറവ്

നവജാത ശിശുക്കളിലെ കേൾവിക്കുറവ് പലകാരണങ്ങൾ കൊണ്ടുണ്ടാകാം. നാല്പത്തഞ്ചു ശതമാനം ശിശുക്കളിലും കൃത്യമായ ഒരു കാരണം കണ്ടെത്തുക ബുദ്ധിമുട്ടാണ്. ബാക്കിയുള്ള കുട്ടികളിൽ കേൾവിക്കുറവിനുള്ള കാരണം ജനിതക വൈകല്യമോ, ഭ്രൂണവളർച്ചയിലുള്ള അസാധാരണതയോ, അതല്ലെങ്കിൽ ജനിച്ച ഉടനെ ഉണ്ടാകുന്ന രോഗാവസ്ഥകൾ മൂലമോ ആകാം.

മുതിർന്ന കുട്ടികളിലെ കേൾവിക്കുറവ്

മുതിർന്ന കു ട്ടികളിൽ പൊതുവായി കണ്ടു വരുന്നത് കണ്ടക്റ്റീവ് ഡെഫ്‌നെസ് ആണ്. കാതിനു പുറമെയുള്ള ചെവിക്കായം മുതൽ കാതിനുണ്ടാകുന്ന അണുബാധ വരെ കുട്ടികളിലെ കണ്ടക്റ്റീവ് ഡെഫ്‌നെസിനു കാരണമാകാം. ചില കുട്ടികളിൽ കൂടെക്കൂടെയുണ്ടാവുന്ന ജലദോഷവും, മൂക്കടപ്പും, അഡിനോയ്ഡ് ടോണ്സില് ഗ്രന്ഥികളുടെ അമിത വളർച്ച എന്നിവയും കേൾവികുറവിന് കാരണമാകും.

സംശയിക്കേണ്ടത് എപ്പോൾ?

നവജാത ശിശുക്കളിലെയും, കുഞ്ഞു കുട്ടികളിലെയും കേൾവിക്കുറവ് മനസിലാക്കാൻ ബുദ്ധിമുട്ടുള്ളതും കൂടുതൽ വെല്ലു വിളി നിറഞ്ഞതുമാണ്. മുതിർന്ന കുട്ടികളിൽ കാതിൽ നിന്ന് പഴുപ്പ് വരുന്ന അവസ്ഥയിൽ ഉണ്ടാകുന്ന കേൾവികുറവ് കൂടുതൽ പ്രകടമായിരിക്കും. എന്നാൽ ഈ കുട്ടിക്കളിൽ കാതിൽ നീർക്കെട്ട് മാത്രം ഉള്ളപ്പോൾ ഉണ്ടാകുന്ന കേൾവിക്കുറവ് തിരിച്ചറിയാൻ കഴിയാതെ പോകുന്നതുമാണ്.

കുട്ടി സാധാരണ ശബ്ദങ്ങളോട് പ്രതികരിക്കുന്നില്ലെങ്കിൽ കേൾവിക്കുറവ് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം കുട്ടികൾക്ക് വിദഗ്ഗ്‌ദ്ധനായ ഒരു ഇ.എൻ.ടി ഡോക്‌ടറുടെ പരിശോധന നിര്ബന്ധമാണ്. ഡോക്ടറുടെ നിർദ്ദേശമനുസരിച് പ്രത്യേക കേൾവിപരിശോധനകളും , മറ്റു ടെസ്റ്റുകളും ചെയ്യേണ്ടി വന്നേക്കാം.

എന്തെല്ലാം പരിശോധനകൾ വേണ്ടി വരും ?

കേൾവി കുറവ് സംശയിക്കുന്നുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് വിദഗ്ധനായ ഒരു ഇ.എൻ.ടി ഡോക്ടറെ കാണുകയാണ്. കുട്ടിയുടെ പ്രായം, സഹകരണം, ബുദ്ധിവളർച്ച തുടങ്ങിയവയെ അനുസരിച്ചു ഓട്ടോസ്‌കോപ്പി / ഓട്ടോമൈക്രോസ്കോപ്പി / ഓട്ടോഎൻഡോസ്കോപ്പി, ബിഹേവിയറ് ഓഡിയോമെട്രി (BOA), പ്യുർ ടോൺ ഓഡിയോമെട്രി (PTA), ടിംപനോമെട്രി, ഓട്ടോ അക്കോസ്റ്റിക് എമിഷൻ (OAE), ബ്രെയിൻ സ്റ്റം ഓഡിയോമെട്രി (BERA) തുടങ്ങിയ ഉചിതമായ പരിശോധനകൾ ഡോക്ടർ നിർദ്ദേശിക്കുന്നതാണ്.

മേല്പറഞ്ഞ പരിശോധനകളിൽ കേൾവി കുറവ് കണ്ടെത്തിയാൽ, അതിന്റെ തരവും തീവ്രതയും അനുസരിച്ചു കൂടുതൽ പരിശോധനകൾ വേണ്ടിവരും. തലയുടെയും, ബ്രൈന്റെയും സി.ടി സ്കാൻ, എം.ആർ.ഐ അല്ലേൽ ഫങ്ക്ഷണൽ എം.ആർ.ഐ സ്കാൻ എന്നിവയും ചികിത്സാർത്ഥം ചെയ്യേണ്ടിവരാം.

കേൾവികുറവിനോട് അനുബന്ധിച്ചു ഉണ്ടാവാൻ സാധ്യത ഉള്ള മറ്റു രോഗങ്ങൾ കണ്ടെത്തുവാനായി, മൂക്കിന്റെ എൻഡോസ്കോപ്പി, കണ്ണിന്റെ പരിശോധന, രക്ത പരിശോധന, തൈറോയ്ഡ് ടെസ്റ്റ്, ഹൃദയത്തിന്റെ ഇസിജി-യും എക്കോ-യും, വയറിന്റെ സ്കാൻ തുടങ്ങിയവയും നിങ്ങളുടെ ഡോക്ടർ നിർദ്ദേശിച്ചേക്കാം. ചില സമയങ്ങളിൽ, ചില കുട്ടികളിൽ ജനിതക പരിശോധനകൾ കൂടി വേണ്ടി വന്നേക്കാം.

ചികിത്സ വൈകിക്കരുത്

കേൾവിക്കുറവ് തിരിച്ചറിയുന്ന ദിവസം മുതൽ ചികിത്സ തുടങ്ങേണ്ടതാണ്. എന്തു തരം ചികിത്സ വേണം എന്നുള്ളത് കുട്ടിയുടെ പ്രായവും, കേൾവിക്കുറവിന്റെ തരവും, ത്രീവ്രതയും, മറ്റ് അനുബന്ധ അവസ്ഥകളും രോഗങ്ങളും അനുസരിച്ചിരിക്കും.

ചെവിക്കായം, കാതിലെ നീർക്കെട്ട്, കാതിലെ അണു ബാധ തുടങ്ങിയവ കൊണ്ടുണ്ടാകുന്ന കേൾവിക്കുറവ് മരുന്ന് കൊണ്ട് ചികിത്സിക്കാവുന്നതാണ്. അടിക്കടി കാതിൽ നീർക്കെട്ട് ഉണ്ടാവുകയാണേൽ, ചെറിയ ഒരു ഓപ്പറേഷനിലൂടെ ഗ്രോമെറ്റ്‌ എന്ന ഒരു കുഞ്ഞു ട്യൂബ്‌ കര്ണ്ണപടത്തില് ഘടിപ്പിക്കുന്നതാണ്‌. ഇതോടൊപ്പം കുട്ടിക്ക് അഡിനോയ്ഡ് ഗ്രന്ഥിയുടെ അമിത വളർച്ചയുണ്ടെകിൽ അഡിനോയിഡക്ടമി എന്ന സർജറി കൂടി നടത്തേണ്ടി വരും .

ചില കുട്ടികളിൽ കണ്ടുവരുന്ന സ്ഥിരമായുള്ള ചെവി പഴുപ്പ്‌ കേൾവിക്കുറവിനു മറ്റൊരു കാരണമാണ്. ഇത്തരം കുട്ടികളിൽ കര്ണ്ണ പടത്തില് സ്ഥായിയായ ദ്വാരം ഉണ്ടായിരിക്കാൻ സാധ്യത ഉണ്ട്. ഈ ദ്വാരം തനിയെ അടഞ്ഞു പോകാൻ സാധ്യത കുറവാണു. ടിംപനോപ്ലാസ്‌റ്റി എന്ന ഓപ്പറേഷൻ വഴി ഇത്തരം കുട്ടികളിൽ കര്ണ്ണപടത്തിലെ ദ്വാരം അടക്കാവുന്നതും, കേൾവി മെച്ചപ്പെടുത്താൻ കഴിയുന്നതുമാണ്.

സെന്സറി ന്യൂറൽ ഡെഫ്‌നെസ് അല്ലെങ്കിൽ തീവ്രമായ കേൾവിക്കുറവ് ഉള്ള കുട്ടികളുടെ ചികിത്സാ തികച്ചും വ്യത്യസ്തമാണ്. ഇത്തരം കുട്ടികളിൽ മറ്റു അനുബന്ധ അസുഖങ്ങൾ ഉണ്ടായിരിക്കാൻ സാധ്യത ഉള്ളതിനാൽ ഈ കുട്ടികളുടെ ചികിത്സക്ക് ശിശുരോഗ, ജനിതകരോഗ, ഹൃദ്‌രോഗ, കണ്ണുരോഗ, അസ്ഥിരോഗ വിദഗ്ധരുടെ ആവശ്യം കൂടി വേണ്ടി വന്നേക്കാം. ഇവരോടൊപ്പം ഓഡിയോളോജിസ്റ്, സ്പീച് തെറാപ്പിസ്റ്റ് തുടങ്ങിയവരുടെ സേവനം കൂടി അത്യന്താപേക്ഷിതമാണ്. ഈ കുട്ടികളുടെ പുനരധിവാസത്തിന് മാതാപിതാക്കൾക്കും , അധ്യാപകാർക്കും ഒരു നല്ല പങ്കു വഹിക്കാൻ കഴിയും.

മരുന്ന് കൊണ്ടോ, അതല്ലേൽ മേൽ പറഞ്ഞ സർജറികൾ കൊണ്ടോ മെച്ചപ്പെടുത്താൻ കഴിയാത്ത കേൾവിക്കുറവാണേൽ, ചികിത്സായുടെ ആദ്യപടി എന്നോണം ഇത്തരം കുട്ടികളിൽ ശ്രവണ സഹായി ഘടിപ്പിച്ചു കൊണ്ടുള്ള ഒരു കേൾവിപരിശോധന നടത്തുന്നതാണ്. കൈ കുഞ്ഞായിരിക്കുന്ന അവസ്ഥ മുതൽ ഏതു പ്രായത്തിലും കുട്ടികൾക്ക് ശ്രവണ സഹായി ഉപയോഗിക്കാവുന്നതാണ്. ശ്രവണ സഹായി മൂലം കുട്ടിക്ക് നല്ലതു പോലെ കേൾക്കാൻ കഴിയുന്നുണ്ടേൽ, അതിൽ തന്നെ തുടർന്ന് കൊണ്ട് കുറച്ചു നാളുകൾക്കു ശേഷം വീണ്ടും കേൾവി പരിശോധിക്കുന്നതാണ്.

കുട്ടിക്ക് കേൾവി മെച്ചപ്പെടുന്നില്ലെങ്കിലോ, കേൾവി കൂടുതൽ മോശമാവുകയോ ചെയ്താൽ കുട്ടിയുടെ പ്രായവും , മറ്റു അവസ്ഥകളും അനുകൂലം ആണെങ്കിൽ കോക്ലിയർ ഇംപ്ലാന്റ്റേഷൻ സർജറി ചെയ്യാവുന്നതാണ്.

എന്താണ് കോക്ലിയർ ഇംപ്ലാന്റ്റേഷൻ?

കോക്ലിയർ ഇംപ്ലാന്റ് അഥവാ ബയോണിക് ഇയർ എന്നാൽ ശസ്ത്രക്രിയയിലൂടെ ചെവിയിൽ ഘടിപ്പിക്കുന്ന ശ്രവണ സഹായി ആണ്. ഇത് ബാറ്ററി മൂലം പ്രവർത്തിക്കുന്ന ഒരു ഇലക്ട്രോണിക് ഉപകരണമാണ്.

ഇതിന്റെ ഒരു ഭാഗം ഓപ്പറേഷൻ മുഖാന്തരം ചെവിയുടെ പിൻവശത്തു, തൊലിയുടെ അടിയിൽ ഘടിപ്പിക്കുന്നു. മറ്റൊരു ഭാഗം ചെവിയുടെ പുറകിലായി, തൊലിക്ക് പുറമെ ഘടിപ്പിക്കുകയും ചെയ്യുന്നു. പുറമെ ഉള്ള ഭാഗം മൈക്രോഫോൺ മുഖാന്തരം ശബ്ദം പിടിച്ചെടുത്തു, അതിന്റെ തീവ്രത വർധിപ്പിച്ചു ഉള്ളിലുള്ള യൂണിറ്റിലേക്ക് പ്രക്ഷേപണം ചെയുന്നു. ഉള്ളിലുള്ള യൂണിറ്റ് ഈ ശബ്ദ തരംഗങ്ങളെ വൈദ്യുതി തരംഗങ്ങൾ ആക്കി മാറ്റുന്നു. ഈ വൈദ്യുതി തരംഗങ്ങൾ ഓഡിറ്ററി നേർവിനെ (കർണ്ണ നാഡിയെ) നേരിട്ട് ഉത്തേജിപ്പിക്കുകയും തൻമൂലം ശബ്ദങ്ങൾ കേൾക്കാൻ കഴിയുകയും ചെയുന്നു.

ആറു മാസമോ അതിനു മുകളിലോ ഉള്ള കുട്ടികളിൽ ഇന്ന് കോക്ലിയർ ഇംപ്ലാന്റ് സർജറി വിജയകരമായി ചെയ്തുവരുന്നു . എത്ര നേരത്തെ ഈ സർജറി ചെയ്യുന്നോ അത്രയും നല്ലതായിരിക്കും ഇതിന്റെ ഗുണം.

കോക്ലിയർ ഇംപ്ലാന്റ് ചെയ്ത ഉടനെ തന്നെ കുട്ടി സംസാരിക്കും എന്ന് വിചാരിക്കരുത്. ഇതിനോടനുബന്ധിച്ചു ആറു മാസം മുതൽ വളരെ നാളുകൾ നീണ്ടു നിൽക്കുന്ന ഓഡിയോ വെർബൽ തെറാപ്പി (സ്പീച് തെറാപ്പി) കുട്ടിക്ക് നൽകേണ്ടതാണ്.

മുൻകാലങ്ങളിൽ ഇംപ്ലാന്റ് ഉപകരണത്തിന്റെ ഉയർന്ന വില കാരണം സാധാരണക്കാരന് ഈ ചികിത്സാ അപ്രാപ്യമായിരുന്നു. എന്നാൽ പല സംസ്ഥാന ഗവണ്മെന്റ്റുകളും ഇന്ന് കോക്ലിയർ ഇംപ്ലാന്റ് സര്ജറിക്ക് വേണ്ടി സബ്സിഡി നൽകു ന്നു ണ്ട് (ഉദാ: കേരള സാമൂഹ്യ സുരക്ഷാ വകുപ്പിന്റെ കീഴിലുള്ള ശ്രുതിതരംഗം എന്ന പദ്ധതി). ഇത് കൂടാതെ പ്രധാനമന്ത്രിയുടെ ധനസഹായം, ഗവർണ്ണറു ടെ ധനസഹായം തുടങ്ങിയവയും കോക്ലിയർ ഇംപ്ലാന്റ് സര്ജറിക്ക് ലഭ്യമാണ്.

യൂണിവേഴ്സൽ ഹിയറിങ് സ്ക്രീനിംഗ്

കേൾവിക്കുറവ് നേരത്തെ കണ്ടെത്തുകയും, കൃത്യമായ ചികിത്സയും പുനരധിവാസവും നൽകിയാൽ കുട്ടികളുടെ ഭാഷ വികസനത്തിൽ സാധ്യമായ മികച്ച ഫലങ്ങൾ ലഭിക്കുന്നതാണ്.

കുട്ടി ജനിച്ചുകഴിഞ്ഞാല് എത്രയും വേഗം ഒരു കേൾവി പരിശോധന അത്യന്താപേക്ഷിതമാണ്. ഇന്ന് മിക്ക ആശുപത്രികളിലും പ്രസവശേഷം ഡിസ്ചാർജിനു മുന്പായി തന്നെ ഈ പരിശോധന നടത്താറുണ്ട്. സാധാരണയായി ഓട്ടോ അക്കോസ്റ്റിക് എമിഷൻ എന്ന സ്ക്രീനിങ് ടെസ്റ്റ് ആണ് ചെയ്യാറുള്ളത്. ഇത് തീർത്തും വേദന രഹിതവും, കുഞ്ഞിന്റെ സജീവ പങ്കാളിത്തം തീരെ ആവശ്യമില്ലാത്തതും ആയ ഒരു ടെസ്റ്റ് ആണ്. മാത്രവുമല്ല ഇതിന്റെ റിസൾട്ട് 3 – 5 മിനിറ്റുകൾക്കുള്ളിൽ ലഭിക്കുകയും ചെയ്യും. ചില ആശുപത്രികളിൽ ഒരു പടികൂടി കടന്നുള്ള ബ്രെയിൻ സ്റ്റമ് ഓഡിയോമെട്രി ടെസ്റ്റും ചെയ്യാറുണ്ട്.

ഓട്ടോ അക്കോസ്റ്റിക് എമിഷൻ പരിശോധനയിൽ കുട്ടി പരാജയപെട്ടാൽ അടുത്തതായി ബ്രെയിൻ സ്റ്റമ് ഓഡിയോമെട്രി ടെസ്റ്റ് ചെയ്യേണ്ടതാണ്. ഇത് കുട്ടിക്ക് മൂന്ന് മാസം പ്രായം ആകുന്നതിനു മുൻപ് ചെയ്തിരിക്കണം.

ബ്രെയിൻ സ്റ്റമ് ഓഡിയോമെട്രി ടെസ്റ്റിൽ കുട്ടി പരാജയപ്പെട്ടാൽ, ആറു മാസം തികയുന്നതിനു മുൻപ് കുട്ടിക്ക് വേണ്ട ചികിത്സ നൽകിയിരിക്കണം.

വികസിത രാജ്യങ്ങളിലെ എല്ലാ കുട്ടികളെയും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്നതിന് മുൻപായി കേൾവി പരിശോധനക്കു വിധേയരാക്കിയിരിക്കും . ഇതിനാണ് യൂണിവേഴ്സൽ ഹിയറിങ് സ്ക്രീനിംഗ് എന്ന് പറയുന്നത്. എന്നാൽ ഇന്ത്യ പോലുള്ള വികസ്വര രാഷ്ട്രങ്ങളിൽ അപകട സാധ്യത കൂടിയ കുട്ടികളുടെ കേൾവി മാത്രമേ പരിശോധിക്കാറുള്ളു. ഗ്രാമീണ മേഖലയിലുള്ള പല ആശുപത്രികളിലും മാതാപിതാക്കളുടെ അജ്ഞത കാരണമോ, ടെസ്റ്റിംഗ് സൗകര്യങ്ങളുടെ അപര്യാപ്തത മൂലമോ ഇത് ചെയ്യാറില്ല. തന്മൂലം കേൾവിക്കുറവുള്ള പകുതിയിലധികം കുട്ടികളെ തിരിച്ചറിയപെടാനാകാതെ പോകുന്നു. വ്യാപകമല്ലെങ്കിലും കേരളത്തിലെ ഒട്ടുമിക്ക ആശുപത്രികളിലും ഇന്ന് യൂണിവേഴ്സൽ സ്ക്രീ നിംഗ് പ്രോഗ്രാം നടന്നു വരുന്നു എന്നുള്ളത് വളരെ നല്ല ഒരു കാര്യമാണ്.

ഓർക്കുക:

കുട്ടികളു ടെ കേൾവിക്കുറവ് തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള ഒരു വൈകല്യമാണ്. കുട്ടിക്ക് കേൾവിശക്തി ഇല്ലെങ്കിൽ കുട്ടി സംസാരിക്കുകയില്ല. നേരത്തെ തിരിച്ചറിയുകയും, വേണ്ട ചികിത്സ നൽകു കയും ചെയ്താൽ മറ്റു കുട്ടികളെ പോലെ, അല്ലെങ്കിൽ അവരെക്കാളും മിടുക്കരാകുവാൻ ഈ കുട്ടികൾക്കും കഴിയും.