ശ്വസനപാതയിൽ ഉള്ള തടസ്സങ്ങൾ കാരണം ഉണ്ടാകുന്ന കൂർക്കം വലിയും, അതിനോട് അനുബന്ധിച്ചു ശ്വാസം നിന്ന് പോകുന്ന രോഗാവസ്ഥയും ആണ് ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ അഥവാ ഒ.എസ്.എ എന്ന് അറിയപ്പെടുന്നത്.
ഏതാണ്ട് 24 ശതമാനം പുരുഷന്മാരും 14 ശതമാനം സ്ത്രീകളും കൂര്ക്കം വലിക്കുന്നവരാണെന്ന് പഠനങ്ങള് സൂചിപ്പിക്കുന്നു. എന്നാൽ അതിൽ തന്നെ 4 ശതമാനത്തിൽ അധികം ആളുകൾ കൂർക്കം വലി കാരണം ഉള്ള ശ്വാസതടസം (സ്ലീപ് ഡിസ്റ്റർബേഡ് ബ്രീത്തിങ് / ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ) എന്ന ഗുരുതരമായ രോഗാവസ്ഥ ഉള്ളവർ ആണ്.
രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിനും അനുബന്ധ വൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനും ഒ.എസ്.എ നേരത്തെ തന്നെ തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. പോളിസോംനോഗ്രാഫി എന്ന ഉറക്ക പരിശോധന (സ്ലീപ് സ്റ്റഡി) യാണ് ഒ.എസ്.എ രോഗനിർണയത്തിനുള്ള ഏറ്റവും നല്ല മാർഗം. എന്നാൽ, ഈ ഉറക്ക പരിശോധനക്ക് ഒരു രാത്രി സ്ലീപ്പ് ലാബിൽ ഉറങ്ങേണ്ടത് ആയി ഉണ്ട്. അതല്ലെങ്കിൽ ഒരു സ്ലീപ് ടെക്നീഷ്യന്റെ സഹായം തേടേണ്ടത് ആയി വരും. തന്മൂലം സാമ്പത്തിക ചിലവുകളും ഏറിയേക്കാം. അതിനാൽ ഒ.എസ്.എ ഉള്ള എല്ലാവരിലും ഈ പരിശോധന നടത്തുന്നത് പ്രായോഗികമല്ല, മാത്രവുമല്ല, ഇതിനുള്ള കാലതാമസം കാരണം രോഗനിർണയവും ചികിത്സയും വൈകാനും ഇടയുണ്ട്.
ആയതിനാൽ ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ രോഗം ഉണ്ട് എന്ന് സംശയിക്കുന്ന ആളുകളെ തിരിച്ചറിയാൻ, ഗവേഷകർ സ്റ്റോപ്പ്-ബാംഗ് (STOP-Bang Questionnaire), എപ്വർത് സ്ലീപ്പിനെസ്സ് സ്കെയിൽ (Epworth Sleepiness Scale) എന്നീ ലളിതമായ ചോദ്യസർവേകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
സ്റ്റോപ്പ്-ബാംഗ് ചോദ്യാവലി
ശസ്ത്രക്രിയയ്ക്കിടെ ഒ.എസ്.എ-യുമായി ബന്ധപ്പെട്ട സങ്കീർണതകളും പ്രതികൂല സംഭവങ്ങളും കാരണം, ശസ്ത്രക്രിയയ്ക്ക് മുമ്പ് തന്നെ OSA ഉണ്ടാകാൻ സാധ്യതയുള്ള രോഗികളെ തിരിച്ചറിയുന്നതിനുള്ള വേഗമേറിയതും ലളിതമായ മാർഗ്ഗമായാണ് സ്റ്റോപ്പ്-ബാംഗ് ചോദ്യാവലി വികസിപ്പിച്ചെടുതിട്ടുള്ളത്.
സ്റ്റോപ്പ്-ബാംഗ് എന്നത് ഒരു കൂട്ടം ചോദ്യങ്ങളുടെ ചുരുക്കപ്പേരാണ്. ഈ ചോദ്യങ്ങളിൽ ഒന്നിന് “അതെ” എന്ന് ഉത്തരം നൽകിയാൽ ഒരു പോയിന്റ് ലഭിക്കും, എന്നാൽ “അല്ല” എന്ന ഉത്തരത്തിനു പൂജ്യം സ്കോറും ആണ് ലഭിക്കുന്നത്.
സ്റ്റോപ്പ്-ബാംഗിന്റെ സെന്സിറ്റിവിറ്റി ഉയർന്നത് ആയതിനാൽ രോഗബാധിതരായ ആളുകളെ ഈ ടെസ്റ്റ് വഴി എളുപ്പം കണ്ടെത്താൻ കഴിയും. എന്നാൽ ഇതിന്റെ സ്പെസിഫിസിറ്റി താരതമ്യേന കുറവായതിനാൽ ഇങ്ങനെ കണ്ടെത്തുന്ന രോഗികൾക്ക് കൂടുതൽ പരിശോധന ആവശ്യമാണ്.
എപ്വർത് സ്ലീപ്പിനെസ്സ് സ്കെയിൽ
ഉറക്കവുമായി ബന്ധപ്പെട്ട പല രോഗങ്ങളുടെയും പ്രധാന ലക്ഷണം രോഗികളിൽ ഉണ്ടാകുന്ന അമിതമായ പകൽ ഉറക്കം ആണ്.
ഒരു രോഗിയുടെ ഉറക്കത്തിന്റെ പൊതുവായ നിലവാരം വിലയിരുത്തുന്നതിനും, ഉറക്ക തകരാറുകൾ അവരുടെ രോഗാവസ്ഥക്കു കാരണമാകുന്നുണ്ടോ എന്ന് നിർണ്ണയിക്കുന്നതിനും, ഉപയോഗിക്കുന്ന ഒരു ചോദ്യാവലി ആണ് എപ്വർത് സ്ലീപ്പിനെസ്സ് സ്കെയിൽ (ESS) എന്നത്.
മെൽബണിലെ എപ്വർത്ത് ഹോസ്പിറ്റലിലെ ഡോ. മുറെ ജോൺസ് എപ്വർത്ത് ആണ് ഈ ടൂൾ വികസിപ്പിച്ചെടുത്തത്.
എപ്വർത് സ്ലീപ്പിനെസ്സ് സ്കെയിൽ ഇന്ന് ഉറക്കമില്ലായ്മയുടെ ലക്ഷണങ്ങൾക്കുള്ള സ്റ്റാൻഡേർഡ് മൂല്യനിർണ്ണയ ഉപകരണമായി മാറിയിരിക്കുന്നു. ദൈനംദിന ഉറക്കത്തെ ബാധിച്ചേക്കാവുന്ന ഉറക്ക തകരാറുകൾ ഉണ്ടോ ഇല്ലയോ എന്ന് നിർണ്ണയിക്കാൻ ഇത് പ്രാഥമികമായി ഫിസിഷ്യൻമാരും സ്ലീപ്പ് മെഡിസിൻ പ്രൊഫഷണലുകളും ഉപയോഗിക്കുന്നു.