തൈറോയ്ഡ് രോഗികളുടെ ഭക്ഷണം – കഴിക്കാവുന്നതും, ഒഴിവാക്കേണ്ടതും.

thyroid-fruits-and-vegetables

If you are looking for the English version of this article, you can read it here.

ശരീരത്തിലെ മറ്റ് അവയവങ്ങളെ യഥാവിധി പ്രവർത്തിപ്പിക്കാനും, ശരീരത്തിന്റെ ഊർജോല്പാദനത്തിനും, തൈറോയ്ഡ് ഗ്രന്ഥിയുടെ സന്തുലിതമായ പ്രവർത്തനം അനിവാര്യമാണ്.

നമ്മുടെ പല ഭക്ഷണ പദാർത്ഥങ്ങളും തൈറോയ്ഡ് ഹോർമോണിന്റെ സ്വാഭാവിക ഉത്പാദനത്തെ ബാധിക്കാൻ സാധ്യത ഉള്ളതാണ്. ആയതിനാൽ തൈറോയ്ഡ് ഗ്രന്ഥിയുടെ രോഗാവസ്ഥകൾ ഉള്ളവർ ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്. അവയിൽ ചിലതു ഈ ലേഖനത്തിലൂടെ അറിഞ്ഞു വയ്ക്കാം.

ഹൈപോതൈറോയ്ഡിസം

തൈറോയ്‌ഡ് ഹോർമോണിന്റെ ഉല്പാദന കുറവുമൂലം ഉണ്ടാകുന്ന ഹൈപ്പോതൈറോയ്‌ഡിസം എന്ന രോഗാവസ്ഥയാണ് തൈറോയ്‌ഡ് രോഗങ്ങളിൽ ഏറ്റവും കൂടുതലായി കണ്ടു വരുന്നത്. പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകളിൽ ആണ് ഈ രോഗം കൂടുതൽ ആയി കാണുന്നത്.

ഒഴിവാക്കേണ്ടത് / നിയന്ത്രിക്കേണ്ടത്

തൈറോയ്ഡ് ഹോർമോണിൻ്റെ ഉൽപാദനം കുറക്കുന്ന ഭക്ഷണങ്ങളെ ഗോയ്‌ട്രോജൻസ് എന്നാണ് പൊതുവായി അറിയപ്പെടുന്നത്. ഹൈപ്പോതൈറോയ്‌ഡ്‌ രോഗികൾ ഗോയ്‌ട്രോജൻസ് നിയന്ത്രണ വിധേയമായി മാത്രമേ അവരുടെ ഭക്ഷണ ക്രമത്തിൽ ഉൾപെടുത്താവൂ.

  • ക്രൂസിഫറസ് / ബ്രാസ്സിക്ക വിഭാഗത്തില്‍പ്പെടുന്ന കോളിഫ്‌ളവര്‍, കാബേജ്, ബ്രോക്കോളി തുടങ്ങിയ ഭക്ഷണങ്ങൾ തൈറോയ്ഡ് ഹോർമോണിൻ്റെ ഉത്പാദനത്തെ തടസപെടുത്തുന്നതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഐസോതയോസൈനേറ്റ് എന്ന പഥാർത്ഥമാണ് ഹോർമോൺ ഉത്പാദനത്തെ ബാധിക്കുന്നത്.
  • ക്രൂസിഫറസ് വിഭാഗത്തിൽ അല്ലാത്ത മരച്ചീനി (കപ്പ / പൂള), മധുരക്കിഴങ്ങ്, റാഡിഷ്, നിലക്കടല, ചീര, സ്‌ട്രോബെറി, കടുക് തുടങ്ങിയവയിലും തയോസൈനേറ്റ് അടങ്ങിയിട്ടുണ്ട്.
  • സോയ ബീൻ, ആപ്പിള്‍, ഓറഞ്ച്, ഗ്രീന്‍ ടീ എന്നിവയിൽ അടങ്ങിയിട്ടുള്ള ഐസോഫ്‌ളേവോണ്‍സ് എന്ന ഘടകവും തൈറോയ്ഡ് ഹോർമോൺ ഉത്പാദനത്തെ തടസപ്പെടുത്തുന്നതാണ്.
  • ഗോതമ്പ്, മൈദ, ചായ, കാപ്പി, കൃത്രിമ പാനീയങ്ങള്‍, എണ്ണയില്‍ വറുത്ത ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.

ശ്രദ്ധിക്കുക

  • ഗോയ്‌ട്രോജൻസ് പൂർണമായും ഒഴിവാക്കേണ്ടതില്ല, നിയന്ത്രിച്ചാൽ മതി.
  • തൈറോയ്ഡ് ശസ്ത്രക്രിയ കാരണം ഗ്രന്ഥി പൂർണമായി നീക്കം ചെയ്തത് കൊണ്ട് ഉണ്ടാകുന്ന ഹൈപ്പോതൈറോയ്‌ഡിസത്തിൽ, ഗോയ്‌ട്രോജൻസ് കഴിക്കുന്നതിനു തടസമില്ല.

കഴിക്കാവുന്നത്

ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന അയഡിന്‍ എന്ന ഘടകം തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്പാദനത്തിനു വളരെ അത്യാവശ്യമായ ഒന്നാണ്. ശാരീരിക വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും ആഹാരത്തില്‍ നിന്നും ഒരു നിശ്ചിത അളവില്‍ അയഡിന്‍ ലഭിക്കേണ്ടത് അനിവാര്യമാണ്. ഏകദേശം 150-200 മൈക്രോഗ്രാം അയഡിന്‍ വരെ ഒരു ദിവസത്തെ ഭക്ഷണത്തില്‍ അടങ്ങിയിരിക്കണം എന്നാണ് കണക്ക്. അയഡിന്റെ അളവിൽ ഉണ്ടാകുന്ന ഏറ്റകുറച്ചിലുകൾ തൈറോയ്ഡ് രോഗങ്ങൾ മോശമാക്കുന്നതാണ്.

  • കടല്‍ മത്സ്യങ്ങള്‍, ഷ്രിമ്പ് (ചെമ്മീൻ), അയഡൈസ്ഡ് ഉപ്പ് (പൊടി ഉപ്പ്), പാലും പാലുത്പന്നങ്ങളും, മുട്ട, ബീഫ്, കിഴങ്ങുവര്‍ഗങ്ങള്‍, പയറുവര്‍ഗങ്ങള്‍ എന്നിവ അയഡിൻ അളവ് കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ആണ്.
  • ധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍, ബെറി ഫ്രൂട്ട്സ്, സിങ്ക്,  ജീവകം ഡി അടങ്ങിയ ഭക്ഷണങ്ങള്‍ തൈറോയ്ഡ് ഹോർമോൺ ഉല്പാദനത്തിന് സഹായിക്കുന്ന ഘടകങ്ങൾ ആണ്. ഇവ ധാരാളമായി ഭക്ഷണത്തിൽ ഉൾപെടുത്താൻ ശ്രദ്ധിക്കുക.

ഹൈപ്പര്‍ തൈറോയ്ഡിസം

തൈറോയ്‌ഡ് ഹോർമോണിന്റെ അമിതമായുള്ള ഉത്പാദനം കൊണ്ടുണ്ടാകുന്ന രോഗാവസ്ഥയാണ് ഹൈപ്പർതൈറോയ്ഡിസം.

  • ഒഴിവാക്കേണ്ടത് / നിയന്ത്രിക്കേണ്ടത്: തൈറോയ്ഡ് ഹോർമോണിന്റെ ഉല്പാദനം കൂട്ടുന്ന അയഡിന്‍ ചേര്‍ന്ന ഉപ്പ്, കടല്‍ മത്സ്യങ്ങൾ, മുട്ടയുടെ മഞ്ഞക്കരു, പാല്‍, പാല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗം ഹൈപ്പർ തൈറോയ്ഡ് രോഗികൾ കുറയ്ക്കുക.
  • കഴിക്കാവുന്നത്: ക്രൂസിഫറസ് പച്ചക്കറികള്‍, സോയാ ഉത്പന്നങ്ങള്‍, അയഡിന്‍ അളവ് കുറഞ്ഞ ഉപ്പ് (കല്ലുപ്പ്), ധാന്യങ്ങള്‍, കാപ്പി, ചായ എന്നുള്ളവ ഹൈപ്പർ തൈറോയ്ഡ് രോഗികൾ ഭക്ഷണങ്ങളിൽ ഉൾപെടുത്തുന്നത് നല്ലതാണ്.

മറ്റു തൈറോയ്ഡ് രോഗങ്ങൾ

തൈറോയ്‌ഡ് ഗ്രന്ഥിയിൽ പലവിധ മുഴകൾ / തടിപ്പുകൾ അഥവാ നോഡ്യൂളുകൾ (Nodules) ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഒരു മുഴ മാത്രമാണെങ്കിൽ ആണെങ്കിൽ സോളിറ്ററി തൈറോയ്‌ഡ് നോഡ്യൂൾ (Solitary Thyroid Nodule) എന്നും, ഒന്നിൽ കൂടുതൽ മുഴകളുണ്ടെങ്കിൽ മൾട്ടി നോഡുലാർ ഗോയിറ്റർ (Multi Nodular Goiter – MNG) എന്നും പറയും.  തൈറോയ്‌ഡ് ഗ്രന്ഥിയിൽ നീർക്കെട്ട് (Inflammation) മൂലം ഉണ്ടാകുന്ന രോഗങ്ങൾ തൈറോഡൈറ്റിസ് എന്ന പേരിലും അറിയപ്പെടുന്നു.

ഈ രോഗങ്ങൾ ഉള്ളവർ അവരുടെ ശരീരത്തിലെ തൈറോയ്ഡ് ഹോർമോണിന്റെ അളവിന് ആനുപാതികമായി മേൽ പറഞ്ഞ ഭക്ഷണ നിയന്ത്രണങ്ങൾ പാലിക്കുന്നത് ഉചിതമായിരിക്കും. പൊതുവെ ഗോയ്‌ട്രോജൻസിൻ്റെ അളവ് കുറക്കുന്നതാണ് ഇവർക്ക് നല്ലത്.

ഗോയിട്രോജൻ അടങ്ങിയ മിക്ക ഭക്ഷണങ്ങളും വളരെ പോഷകഗുണമുള്ളവയാണ്, അവ കഴിക്കുന്നതിൻ്റെ ഗുണങ്ങൾ അപകടസാധ്യതകളെക്കാൾ കൂടുതലാണ്. ജീവിതത്തിലെ മിക്ക കാര്യങ്ങളെയും പോലെ, ഈ ഭക്ഷണങ്ങളുടെ കാര്യത്തിലും മിതത്വം പാലിക്കുന്നതാണ് ഉചിതം.

ഭക്ഷണത്തിന്റെ കാര്യത്തിൽ നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ, അല്ലെങ്കിൽ നിങ്ങളുടെ ഭക്ഷണക്രമം ശെരിയാണ് എന്ന് ഉറപ്പാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു വിദഗ്ധദ്ധ ഡോക്ടറെ സമീപിക്കുക.

Author

Dr. Sanu. P. Moideen, MBBS, MS (ENT), DNB (ENT), FHNOS, is an otolaryngologist (ENT surgeon), head and neck oncosurgeon practising in Muvattupuzha, Kerala, India. After finishing his postgraduate training, he pursued specialist training in paediatric ENT and head and neck oncosurgery from eminent institutions in India and the US.

Leave a Reply

Your email address will not be published. Required fields are marked *